
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. പൊതുസ്ഥാപനം അല്ലെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ അപേക്ഷകൾക്ക് സിയാൽ മറുപടി നൽകാത്തതിനെതിരെയാണ് കമ്മീഷന്റെ നടപടി.
വിവരാവകാശ നിയമം നിലവിൽ വന്ന 2005 മുതൽ നെടുമ്പാശ്ശേരി വിമാനത്താവളം നിയമത്തിന്റെ പരിധിയിലായിരുന്നു. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുഖേന വിവരാവകാശ അപേക്ഷകൾക്ക് സിയാൽ മറുപടിയും നൽകിയിരുന്നു. എന്നാൽ തങ്ങൾ നിയമത്തിന്റെ പരിധിയിൽ വരുന്നവരല്ലെന്ന് കാണിച്ച് സിയാൽ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അതുവരെ ലഭിച്ച വിവരാവകാശ അപേക്ഷകളെല്ലാം സിയാൽ തള്ളുകയും ചെയ്തു.
ഇതിനെതിരെ നിരവധി പരാതികളാണ് ഹൈക്കോടതിയിലും വിവരാവകാശ കമ്മീഷനിലും ലഭിച്ചത്. വിവിധ പരാതികളിൽ വിശദ വാദം കേട്ട ഹൈക്കോടതി വിഷയത്തിൽ തീരുമാനമെടുക്കാൻ വിവരാവകാശ കമ്മീഷനെ ചുമതലപ്പെടുത്തി. അപ്പീലുകളിൽ വാദം കേട്ട കമ്മീഷൻ സിയാൽ പൊതുസ്ഥാപനമല്ലെന്ന വാദം തളളി. സിയാലിന്റെ ബോർഡ് ഓഫ് ഡയറ്കടേഴ്സിൽ മുഖ്യമന്ത്രി ചെയർമാനും മറ്റ് മൂന്ന് മന്ത്രിമാർ അംഗങ്ങളുമാണ്.
ഡയറക്ടർ ബോർഡിൽ അംഗമായിരിക്കുമ്പോഴും ഇവർ സംസ്ഥാന സർക്കാരിന്റെ ഭാഗമാണ്. സംസ്ഥാന സർക്കാരിൽ നിന്നുള്ള ധനസഹായത്താലാണ് സിയാൽ പ്രവർത്തിക്കുന്നതും. ഈ സാഹചര്യത്തിൽ വിമാനത്താവളത്തെ കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സിയാൽ അധികൃതർ ബാധ്യസ്ഥരാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. അപേക്ഷരുടെ ചോദ്യങ്ങൾ അവഗണിച്ചത് തെറ്റാണെന്നും ഉത്തരവിൽ വിമർശനമുണ്ട്. അപേക്ഷകൾക്ക് 30 ദിവസത്തിനകം തന്നെ മറുപടി നൽകണമെന്നാണ് ഉത്തരവിലെ നിർദേശം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam