
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേർന്നുള്ള ചെങ്ങൽ തോട്ടിലേക്ക് വെള്ളം ഒഴുക്കി വിടാനുള്ള കാന വികസിപ്പിക്കുന്നതിരെ നാട്ടുകാർ രംഗത്ത്. വിമാനത്താവള കമ്പനിയായ സിയാലാണ് കാന വികസിപ്പിക്കുന്നതിനുള്ള പണികൾ ആരംഭിച്ചത്. എന്നാൽ, വെള്ളം ഒഴുക്ക് സുഗമമാക്കാനാണ് കാന നിർമ്മാണമെന്നാണ് സിയാൽ പറയുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറന്തള്ളുന്ന വെള്ളമാണ് ഈ കാന വഴി ചെങ്ങൽ തോട്ടിലേക്ക് ഒഴുക്കുന്നത്. വിമാനങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്‍റിലെ വെള്ളമടക്കം ഇതിൽ ഉണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. രണ്ടടിയോളം വീതിയിലാണ് കാനയുടെ നവീകരണം നടക്കുന്നത്.
മാസങ്ങൾക്ക് മുമ്പ് മലിന ജലം ഒഴുക്കാനുള്ള സിയാലിന്‍റെ ശ്രമം നാട്ടുകാർ തടയുകയും വെള്ളം തുറന്ന് വിട്ടിരുന്ന പൈപ്പുകൾ അടക്കുകയും ചെയ്തിരുന്നു. സമീപ പ്രദേശത്തെ കിണറുകളിലും ഈ ജലാശയങ്ങളിൽ നിന്നുള്ള ഉറവയാണ് എത്തുന്നത്. കൊടിഞ്ഞിലി ഇറിഗേഷൻ ഓഫീസ് പ്രവർത്തിക്കുന്നതും ഇതുമായി ബന്ധപ്പെട്ടാണ്.
പ്രളയ കാലത്ത് ചെങ്ങൽ തോട്ടിൽ വെള്ളം നിറഞ്ഞാണ് വിമാനത്താവളം മുങ്ങിയത്. ഈ സാഹചര്യം കണക്കിലെടുത്ത് തോട്ടിലെ വെള്ളം ഒഴുകിപ്പോകുവാൻ വേണ്ടിയാണ് കാന നവീകരിക്കുന്നതെന്നാണ് സിയാലിന്‍റെ വാദം. മലിന ജലം ഒഴുകാനുള്ള സാഹചര്യം ഇല്ലെന്നും സിയാൽ അധികൃതർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam