കോഴിക്കോട് കോർപ്പറേഷൻ യോഗത്തിൽ കയ്യാങ്കളി, യുഡിഎഫ് കൗൺസിലർക്ക് പരിക്ക്

By Web TeamFirst Published Sep 3, 2019, 5:36 PM IST
Highlights

കേന്ദ്ര സര്‍ക്കാരിന്‍റെ അമൃത് പദ്ധതിക്കു കീഴില്‍ കോഴിക്കോട് നഗരത്തിലെ രണ്ടിടത്തായി 100 കോടിയേറെ രൂപ ചെലവിട്ട് മലിനജല സംസ്കരണ പ്ളാന്‍റിനായി റാം ബയോളജിക്കല്‍സ് എന്ന സ്ഥാപനത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിനെച്ചൊല്ലി ഏറെ നാളായി തുടരുന്ന ഭരണ - പ്രതിപക്ഷ പോരാണ് ഇന്ന് കയ്യാങ്കളിയിലെത്തിയത്. 

കോഴിക്കോട്: അമൃത് പദ്ധതി പ്രകാരം നിര്‍മിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ കണ്‍സള്‍ട്ടന്‍സി കരാറിനെച്ചൊല്ലി കോഴിക്കോട് നഗരസഭയില്‍ ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍ സി അബ്ദുള്‍ റഹ്മാന് പരിക്കേറ്റു. സംഘര്‍ഷത്തിനു പിന്നില്‍ ഗൂഡാലോചനയാണെന്നാണ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍റെ ആരോപണം.

കേന്ദ്ര സര്‍ക്കാരിന്‍റെ 'അമൃത്' പദ്ധതിക്കു കീഴില്‍ കോഴിക്കോട് നഗരത്തിലെ രണ്ടിടത്തായി 100 കോടിയേറെ രൂപ ചെലവിട്ട് മലിനജല സംസ്കരണ പ്ളാന്‍റിനായി റാം ബയോളജിക്കല്‍സ് എന്ന സ്ഥാപനത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിനെച്ചൊല്ലി ഏറെ നാളായി തുടരുന്ന ഭരണ പ്രതിപക്ഷ പോരാണ് ഇന്ന് കയ്യാങ്കളിയിലെത്തിയത്.

ഇന്നത്തെ കോര്‍പ്പറേഷൻ കൗണ്‍സിൽ യോഗത്തിന്‍റെ ആദ്യ അജണ്ട  ഈ വിഷയമായിരുന്നു. റാം ബയോളജിക്കല്‍സ് തയ്യാറാക്കിയ ഡിപിആര്‍ ഉപയോഗിച്ച് മറ്റെവിടെയെങ്കിലും വിജയകരമായി പദ്ധതി നടപ്പാക്കിയിട്ടുണ്ടോ എന്നതായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍ വിദ്യാബാലകൃഷ്ണന്‍റെ ആദ്യ ചോദ്യം. നടപ്പാക്കിയിട്ടുണ്ടെന്ന് ഒറ്റവാക്കില്‍ മറുപടി നല്‍കിയ മേയര്‍ അടുത്ത ചോദ്യത്തിലേക്ക് കടക്കാനാവശ്യപ്പെട്ടു. മലിനജല സംസ്കരണ പ്ളാന്‍റിനായി കോതി, ആവിക്കല്‍തോട് എന്നീ പ്രദേശങ്ങള്‍ തെരഞ്ഞെടുത്തിന് കൗണ്‍സില്‍ അംഗീകാരം ഉണ്ടോയെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. ഉണ്ടെന്ന് മറുപടി പറഞ്ഞ മേയര്‍ കൂടുതല്‍ ചോദ്യങ്ങള്‍ അനുവദിച്ചില്ല.

ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി മേയറുടെ ചെയറിനടുത്തേക്ക് നീങ്ങി. പൊടുന്നനെ ഭരണപക്ഷവും പാഞ്ഞെത്തി. തുടര്‍ന്ന് പോര്‍വിളിയും കയ്യാങ്കളിയുമായി.

''കോഴിക്കോട് കോർപ്പറേഷന്‍റെ ചരിത്രത്തിലിതേവരെ ഉണ്ടായിട്ടില്ലാത്ത നാണം കെട്ട സംഭവവികാസങ്ങളാണ് ഇന്നുണ്ടായത്'', എന്ന് യുഡിഎഫ് കൗൺസിലർ വിദ്യാ ബാലകൃഷ്ണൻ. 

പദ്ധതി ഒരിക്കലും നടപ്പാക്കരുതന്ന നിര്‍ബന്ധത്തോടെയാണ് പ്രതിപക്ഷം യോഗത്തിനെത്തിയതെന്ന് മേയര്‍ ആരോപിച്ചു.  ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കേണ്ടതിനാല്‍ കോര്‍പ്പറേഷൻ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും മേയർ വ്യക്തമാക്കി.

സംഘര്‍ഷത്തില്‍ കണ്ണിന് പരിക്കേറ്റ യുഡിഎഫ് കൗണ്‍സിലര്‍ സി. അബ്ദുള്‍ റഹ്മാനെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ ആശുപത്രിയിലെത്തി കണ്ടു. 

click me!