രാത്രികാല വേലിയേറ്റത്തിൽ ദുരിതത്തിലായി തീരദേശവാസികൾ; ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്ന് പരാതി

By Web TeamFirst Published Jan 26, 2023, 2:21 PM IST
Highlights

കായംകുളം പൊഴി ഫിഷിങ് ഹാർബറാക്കിയതോടെയാണ് നാട്ടുകാർക്ക് ദുരിതമായത്. പരിസ്ഥിതിക്ക് മാറ്റമുണ്ടായതോടെ തീരത്ത്  കൃഷിനാശവും വീടുകൾ ജീർണിക്കുന്നതും പതിവായി. 

ആലപ്പുഴ: കായംകുളം കായലിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ  രാത്രികാല വേലിയേറ്റം തീരദേശവാസികൾക്ക് ദുരിതമാകുന്നു. ദേവികുളങ്ങര, കണ്ടല്ലൂർ, പത്തിയൂർ, കൃഷ്ണപുരം, ആറാട്ടുപുഴ, ആലപ്പാട് എന്നീ പ്രദേശങ്ങളിൽ ഉപ്പ് വെള്ളം ഇരച്ചുകയറുന്നതാണ് പ്രതിസന്ധിയെന്നും എന്നാൽ ജനപ്രതിനിധികൾ ഉൾപ്പടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലെന്നും സമീപ വാസികൾ പരാതിപ്പെടുന്നു.

കായംകുളം പൊഴി ഫിഷിങ് ഹാർബറാക്കിയതോടെയാണ് നാട്ടുകാർക്ക് ദുരിതമായത്. പരിസ്ഥിതിക്ക് മാറ്റമുണ്ടായതോടെ തീരത്ത്  കൃഷിനാശവും വീടുകൾ ജീർണിക്കുന്നതും പതിവായി. പലരും വീടുകൾ ഉപേക്ഷിച്ച് പോവുകയാണ്. സുനാമിക്ക് ശേഷം കായലിൽ ചെളിയും മണ്ണും അടിഞ്ഞു കിടക്കുന്നത് നീക്കാൻ നടപടിയെടുക്കുന്നില്ല. പ്രദേശത്തെ പരമ്പതാഗത കയർ, കക്ക, മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഉപ്പ് വെള്ളം കയറുന്നത്. 

കായലിന്റെ ആഴം കൂട്ടി മണ്ണും ചെളിയും ഉപയോഗിച്ച് ഇരുകരകളും ഉയർത്തി റോഡ് നിർമിക്കലാണ് പരിഹാരം. കുട്ടനാട് പാക്കേജ് മോഡലിൽ പ്രതിരോധ പാക്കേജ് പ്രഖ്യാപിക്കുക, വലിയഴീക്കൽ പാലത്തിൽ തോട്ടപ്പള്ളി സ്പിൽവേ മോഡലിൽ ഷട്ടർ സ്ഥാപിക്കുക, താൽക്കാലിക  ബണ്ട് നിർമാണം നടത്തുക തുടങ്ങിയവയാണ് പ്രദേശവാസികളുടെ ആവശ്യങ്ങൾ. ഇതു സംബന്ധിച്ച് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി വേലിയേറ്റ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് കായൽ വേലിയേറ്റ പ്രതിരോധ കർമ്മ സമിതി രക്ഷാധികാരി കെ. ജയകുമാർ, ചെയർമാൻ കണ്ടല്ലൂർ സുധീർ, വൈസ് ചെയർമാൻ എം.കെ സുധാകരൻ, ഖജാൻജി വി. സുജിൽ എന്നിവർ പറയുന്നു.

വടകരയിൽ കടൽക്ഷോഭം,ഫൈബർ വള്ളങ്ങൾ തകർന്നു,6ലക്ഷം രൂപയിലേറെ നഷ്ടം

 

click me!