
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾ മാറ്റിവച്ചു. ഓപ്പറേഷൻ തിയേറ്ററിൽ കിട്ടുന്ന കുടിവെള്ളത്തിൽ ഇ-കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആശുപത്രി അധികൃതർ എല്ലാ മാസവും ഓരോ ടാങ്കിലെയും കുടിവെള്ള സാമ്പിൾ പരിശോധനയ്ക്കായി ഹെൽത്ത് ലാബിൽ അയയ്ക്കാറുണ്ട്. ഇതിൽ ഓപ്പറേഷൻ തിയറ്ററിൽ ജലവിതരണം നടത്തുന്ന ടാങ്കിൽ നിന്ന് ശേഖരിച്ച കുടിവെള്ളത്തിലാണ് വിസർജ്യത്തിൽ നിന്നുണ്ടാകുന്ന ഇ-കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
പരിശോധനാ റിപ്പോർട്ട് ലഭിച്ചതോടെ ചൊവ്വാഴ്ച രാവിലെ നടക്കാനിരുന്ന ശസ്ത്രക്രിയകൾ മാറ്റിവെച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയകൾ വേണ്ടത് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു. പരിശോധന റിപ്പോർട്ട് വരാനുള്ളതിനാൽ അമ്പതോളം ശസ്ത്രക്രിയകളാണ് മാറ്റിയത്. എന്നാൽ, ഒരു ടാങ്കിലെ ജല സാമ്പിളിലാണ് ഇ-കോളിഫോം ബാക്ടീരിയ കണ്ടെത്തിയതെന്നും മറ്റുള്ളവയിലെ വെള്ളത്തിന് കുഴപ്പമില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.
ആശുപത്രിയിൽ മുപ്പതിലേറെ ജലസംഭരണികളുണ്ട്. അതിൽ ഓപ്പറേഷൻ തിയറ്ററിലേക്ക് കുടിവെള്ള വിതരണം നടത്തുന്ന ടാങ്കിലെ ജലസാമ്പിളിലാണ് ഉയർന്ന അളവിൽ ഇ-കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ശുദ്ധീകരിച്ച് വെള്ളത്തിന്റെ സാമ്പിൾ പരിശോധന ലഭിക്കുന്നത് കണക്കാക്കിയാണ് ഒരാഴ്ച വരെയുള്ള ശസ്ത്രക്രിയകൾ മാറ്റിയത്. കാളിപ്പാറയിൽ നിന്നുമുള്ള വെള്ളമാണ് ആശുപത്രിയുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഇതിലൂടെ മാലിന്യമെത്തിയതാണോ എന്നും സംശയിക്കുന്നു.കൂടാതെ ആശുപത്രിയിൽ നിർമാണ ജോലികൾ നടക്കുന്നുണ്ട്.ഇതിനെത്തിയ തൊഴിലാളികൾ ടാങ്കിലെ വെള്ളം ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കും. മൂന്ന് മാസം കൂടുമ്പോൾ സംഭരണികൾ ശുദ്ധീകരിക്കാറുണ്ടെന്നാണ് അധികൃതരുടെ വാദം. എന്നാൽ മലിനജലം എങ്ങനെ എത്തിയെന്നതിൽ വ്യക്തതയില്ല.