
തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഇൻഷുറൻസ് പോളിസി പുതുക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഫോൺ കോളിലൂടെ ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം വലിയവിള സ്വദേശിയും റിട്ട. കോളേജ് അധ്യാപകനുമായ ഡോ. അനിൽ കുമാറിന്‍റെ ഒരു ലക്ഷം രൂപയാണ് ഇൻഷുറൻസ് പോളിസി പുതുക്കി നൽകാമെന്ന് പറഞ്ഞ് വ്യാജ കോളിലൂടെ തട്ടിയെടുത്തത്. ഐസിഐസിഐ പ്രുഡൻഷ്യൽ ഇൻഷുറൻസ് കമ്പനിയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.
റോഷ്നി ശർമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയാണ് ഫോണിൽ ബന്ധപ്പെട്ടത്. 2017-ൽ എടുത്ത പോളിസി ലാപ്‌സായെന്നും അത് പുതുക്കാൻ അവസരമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പോളിസിയുടെ കാലാവധി 10 വർഷമാണെന്നും ഇത് അവസാനിക്കുന്നതിന് മുമ്പ് മുടങ്ങിയ പ്രീമിയം തുകയായ ഒരു ലക്ഷം അയച്ചാൽ പോളിസി തുക മുഴുവനും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പുതുക്കാനുള്ള അവസാന ദിവസമായതിനാൽ അടിയന്തരമായി നടപടികൾ പൂർത്തിയാക്കണമെന്ന് പറഞ്ഞ് തുടർന്ന് കൊച്ചി ബ്രാഞ്ചിലെ അനുരാധ ജെയ്ൻ എന്ന ഉദ്യോഗസ്ഥയുടെ നമ്പർ നൽകുകയും ഐആർഡിഎഐയുടെ സ്ഥിരീകരണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു.
പോളിസി പുതുക്കുന്നതിന് രണ്ട് പ്രീമിയം തുകയായ ഒരു ലക്ഷം രൂപ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. ഐസിഐസിഐ ബാങ്കിന്‍റെ ചിഹ്നവും വിവരങ്ങളും അടങ്ങിയ ലെറ്റർപാഡും വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈലുകളും കാണിച്ചാണ് തട്ടിപ്പുകാർ വിശ്വാസ്യത സൃഷ്ടിച്ചത്. ഇതു വിശ്വസിച്ച് പരാതിക്കാരൻ വഴുതക്കാട് ബ്രാഞ്ചിൽ നിന്ന് തുക കൈമാറി. പിന്നീട് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഇതേ മേഖലയിൽ ജോലി ചെയ്തിരുന്ന സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്.
പിന്നാലെ സൈബർ പൊലീസിന് പരാതി നൽകി. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇൻഷുറൻസ് പോളിസി പുതുക്കാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാൽ നേരിട്ട് അതത് കമ്പനികളുമായി ബന്ധപ്പെടണമെന്നും വ്യാജരേഖകളടക്കം തയാറാക്കി വിശ്വസിപ്പിച്ചുള്ള തട്ടിപ്പിൽ ജാഗ്രത പാലിക്കണമെന്നും അധ്യാപകൻ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam