
ഇടുക്കി: നവകേരള സദസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മറയൂർ രാജീവ് ഗാന്ധി കോളനിയിലെ 50 കുടുംബങ്ങളുടെ പട്ടയത്തിനായുള്ള പോരാട്ടത്തിന് പരിഹാരം. 43 പേർക്ക് ഉടൻ പട്ടയം നല്‍കാനും ബാക്കിയുള്ള 7 പേരുടെ അപേക്ഷ പരിശോധിക്കാനും റവന്യു വകുപ്പിന് താലൂക്ക് ലാന്‍റ് അസൈന്‍മെന്‍റ് കമ്മിറ്റി നിർദേശം നല്‍കി. കോളനിക്കാരുടെ 30 വര്‍ഷത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
മുപ്പതു വര്‍ഷത്തിലേറെയായി കോളനിയില്‍ താമസിക്കുന്നവര്‍. എല്ലാവരുടെയും ഭൂമി 10 സെന്‍റില്‍ താഴെ. ആര്‍ക്കും പട്ടയമില്ല. പലതവണ അപേക്ഷകള്‍ നല്‍കിയെങ്കിലും പ്രദേശത്തെ ഭൂമിപ്രശ്നം വിനയായി. ഒടുവിലാണ് പരിഹാരത്തിനായി നവകേരള സദസിനെ സമീപിക്കുന്നത്. തുടര്‍ന്ന് വിഷയം ദേവികുളം താലൂക്ക് ലാന്‍റ് അസൈന്‍മെന്‍റ് കമ്മിറ്റി പരിശോധിച്ചു. ഇതിനുശേഷമാണ് പട്ടയം നല്‍കാന്‍ നിർദേശിച്ചത്.
50 കുടുംബങ്ങളിൽ 43 കുടുംബങ്ങൾക്ക് പട്ടയം നൽകാനാണ് ഇപ്പോള്‍ തീരുമാനം. ബാക്കിയുള്ള 7 പേരുടെ കാര്യത്തില്‍ കൂടുതല്‍ രേഖകള്‍ പരിശോധിച്ച ശേഷം നടപടിയുണ്ടാകും. അസൈന്‍മെന്‍റ് കമ്മറ്റി തീരുമാനമെടുത്തതോടെ റവന്യു വകുപ്പ് നടപടി തുടങ്ങി. നാല് മാസത്തിനുള്ളിൽ പട്ടയം നല്‍കാനാണ് ഇവരുടെ ശ്രമം. പട്ടയം നല്‍കുന്നത് താമസിക്കുന്ന പത്തു സെന്‍റില്‍ താഴെയുള്ള ഭൂമിക്കായെതിനാല്‍ ഇനി സാങ്കേതിക തടസമുണ്ടാകില്ലെന്നാണ് റവന്യു വകുപ്പ് നല്‍കുന്ന വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam