
മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ ചേലപ്പുറത്തിനെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്‌തെന്നുള്ള പരാതിയില്‍ മുക്കം പൊലീസ് കേസെടുത്തു. ഐ.പി.സി 283, 143, 145, 147, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കേസില്‍ ദുര്‍ബലമായ വകുപ്പുകളാണ് പൊലീസ് ചേര്‍ത്തതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.
നിരവധി പേരുടെ മുന്നില്‍ വെച്ച് ഒരു വനിതയെ പരസ്യമായി അപമാനിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ഇടതുമുന്നണി നേതാക്കളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ഉപരോധവും ചെറിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഓഫീസിലേക്ക് കയറാനായി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ ചേലപ്പുറത്ത് എത്തിയപ്പോള്‍ സമരക്കാരുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. തന്നെ ബലമായി തടയുകയും രൂക്ഷമായ ഭാഷയില്‍ അസഭ്യം വിളിക്കുകയും ചെയ്തെന്ന് ആയിഷ ആരോപിച്ചു.
ഒരു വനിതാ അംഗം എന്ന പരിഗണ പോലും സമരക്കാര്‍ തന്നോട് കാണിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഉദ്ഘാടന പ്രസംഗം നടക്കുമ്പോള്‍ സമരത്തെ ഗൗനിക്കാതെ പ്രാസംഗികനെ തട്ടിമാറ്റിയെന്നോണം ഇവര്‍ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സാഹചര്യങ്ങള്‍ വഷളാകാന്‍ ഇടയാക്കിയതെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ പക്ഷം.
https://www.youtube.com/watch?v=Ko18SgceYX8