
കൊച്ചി: രാജ്യാന്തര രാസലഹരി കടത്തില്‍ അറസ്റ്റിലായ കോംഗോ സ്വദേശി കോടതിയിൽ അക്രമാസക്തനായി. പ്രതി റെംഗാര പോളിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു നാടകീയരംഗങ്ങള്‍. വിലങ്ങണിയാന്‍ കൂട്ടാക്കാത്ത പ്രതിയെ പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. റെംഗാര പോളിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ബെംഗളൂരുവില്‍ നിന്ന് എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയ റെംഗാരാ പോളിനെ ഇന്നലെ ഉച്ചയോടെയാണ് അങ്കമാലി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചത്.
പൊലീസ് വാഹനത്തില്‍ നിന്ന് ഇറക്കിയത് മുതലായിരുന്നു അപ്രതീക്ഷിത രംഗങ്ങള്‍. വിലങ്ങണിച്ച പ്രതി തുടക്കം മുതലേ പൊലീസുകാരോട് കയര്‍ത്തു. കേസ് വിളിച്ചതോടെ കോടതി വരാന്തയില്‍ കയറ്റി നിര്‍ത്തി വിലങ്ങഴിച്ചു. തുടര്‍ന്നും ബലപ്രയോഗം വേണ്ടി വന്നു. ഒടുവിൽ റെംഗാരാ പോളിനെ പൊലീസുകാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തി വിലങ്ങണിയിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് മടങ്ങിയപ്പോഴും കലിപ്പ് തീരാതെ റെംഗാര പ്രശ്നങ്ങളുണ്ടാക്കി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി വിപിന്‍ എന്നയാളെ അങ്കമാലിയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരൂവില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ രാസലഹരി കടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്. അതിന്റെ തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലേക്കെത്തിയത്. മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന റെംഗാര പോൾ 2014ലാണ് സ്റ്റുഡന്റ് വിസയില്‍ ബംഗളൂരുവിലെത്തിയത്. പഠിക്കാന്‍ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിഞ്ഞു, രാസലഹരി നിര്‍മ്മിക്കാനും തുടങ്ങി.
ഈ നിര്‍മ്മാണത്തെ കുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലേക്കെത്തുന്ന രാസലഹരിയില്‍ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വില്‍പന നടത്തിയിട്ടുള്ളത്. ഫോണ്‍ വഴി ഇയാളെ ബന്ധപ്പെടാന്‍ സാധിക്കില്ല. ഗൂഗിള്‍ പേ വഴി തുക അയച്ചു കൊടുത്താല്‍ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടു വയ്ക്കും. തുടര്‍ന്ന് ലൊക്കേഷന്‍ മാപ്പ് അയച്ചു കൊടുക്കും. അവിടെപ്പോയി ശേഖരിക്കണം. ഇതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam