ഇടതു-വലതു സര്‍ക്കാരുകള്‍ മത്സരിച്ച് തറക്കല്ലിട്ടു; വര്‍ഷങ്ങള്‍ക്കിപ്പുറവും എങ്ങുമെത്താതെ കൊച്ചി ക്യാന്‍സര്‍ സെന്‍റര്‍

By Web TeamFirst Published Aug 18, 2019, 7:11 PM IST
Highlights

 കരാര്‍ അനുസരിച്ച് അടുത്ത വര്‍ഷം സെന്‍ററിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതാണെങ്കിലും ഒരു ബ്ലോക്ക് പോലും പൂര്‍ത്തീകരിക്കാന്‍ നിര്‍മാണക്കമ്പനിക്ക് കഴിഞ്ഞിട്ടില്ല.

കൊച്ചി: ഇടതു വലതു സര്‍ക്കാരുകള്‍ മല്‍സരിച്ച് തറക്കല്ലിട്ട കൊച്ചി ക്യാന്‍സര്‍ സെന്‍ററിന്‍റെ  നിര്‍മാണം അഞ്ച് വര്‍ഷം പിന്നിടുമ്പോഴും മന്ദഗതിയിൽ തന്നെ തുടരുകയാണ്. കരാര്‍ അനുസരിച്ച് അടുത്ത വര്‍ഷം സെന്‍ററിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതാണെങ്കിലും ഒരു ബ്ലോക്ക് പോലും പൂര്‍ത്തീകരിക്കാന്‍ നിര്‍മാണക്കമ്പനിക്ക് കഴിഞ്ഞിട്ടില്ല.  ക്യാന്‍സര്‍ സെന്‍ററിന് മാത്രമായി സ്പെഷ്യല്‍ ഓഫീസറെ നിയോഗിക്കാതെ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നാണ് വിദഗ്‍ധരുടെ അഭിപ്രായം. 

2014 ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ക്യാന്‍സര്‍ സെന്‍ററിന് ആദ്യം തറക്കല്ലിട്ടത്.  രണ്ട് വര്‍ഷം കഴിഞ്ഞ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആഘോഷമായി തറക്കല്ലിട്ടു. ചെന്നൈയിലെ പി ആന്‍റ് സി എന്ന കമ്പനിക്കാണ് നിര്‍മാണച്ചുമതല നല്‍കിയത് . നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍കെലിനെയും ചുമതലപ്പെടുത്തി. 

മതിയായ തൊഴിലാളികള്‍ ഇല്ലാത്തതാണ് നിര്‍മ്മാണം മന്ദഗതിയിലാകാനുള്ള ഏറ്റവും പ്രധാന കാരണം. ചുരുങ്ങിയത് 400 തൊഴിലാളികളെങ്കിലും വേണ്ടിടത്ത് കമ്പനി നിയോഗിച്ചിരിക്കുന്നത് പരമാവധി 200 പേരെയാണ്. തൊഴിലാളികളുടെ എണ്ണം കൂട്ടണം എന്ന് സര്‍ക്കാര്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും ഇതേ വരെ നടപ്പായിട്ടില്ല . ഇതിനിടയില്‍ തൊഴില്‍ പ്രശ്നങ്ങളും ഉയര്‍ന്നു. നാട്ടുകാരായ തൊഴിലാളികളെ ജോലിക്ക് എടുക്കാത്തതിനെ ചൊല്ലിയായിരുന്നു തര്ക്കം. 

നിലവില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ ഭരണസമിതിക്കാണ് ക്യാന്‍സര്‍ സെന്‍ററിന്റെ ചുമതല. ദൈനം ദിന നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഈ സംവിധാനം കൊണ്ട് കഴിയില്ലെന്ന്  വിദ്ഗര് പറയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗം ,നിര്‍മാണം കാര്യക്ഷമമാക്കാന്‍ പി ആന്‍റ് സി കന്പനിക്ക് രണ്ടാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. നിര്‍മാണത്തില്‍ തൃപ്തികരമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ കമ്പനിയുടെ സേവനം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ എടുക്കാനാണ് ആലോചന. എന്നാല്‍,  കമ്പനിയെ ഒഴിവാക്കിയാല്‍ പുതിയ ടെന്‍ഡര്‍ ആവശ്യമായതിനാല്‍ പദ്ധതി പൂര്‍ത്തീകരണം വീണ്ടും വൈകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. 

click me!