
കൊച്ചി: വീട് നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ച വരുത്തുകയും പണി പൂർത്തിയാക്കാതെ കരാർ ലംഘിക്കുകയും ചെയ്ത കരാറുകാരൻ പരാതിക്കാരന് ഒരു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. നായത്തോട് സ്വദേശി ഔസേപ്പ് ജോർജ്ജ് കരുമാത്തി, കെട്ടിട നിർമാണ കരാറുകാരനായ ഷിജോ യോഹന്നാനെതിരെ സമർപ്പിച്ച പരാതിയിൽ ആണ് ഉത്തരവ്.
രണ്ട് വീടുകളുടെ നിർമ്മാണത്തിനായി 2017 നവംബർ ഒന്നിനാണ് പരാതിക്കാരൻ, കരാറുകാരനുമായി കരാറിൽ ഏർപ്പെട്ടത്. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി 9,30,900 രൂപ പരാതിക്കാരൻ എതിർകക്ഷിക്ക് നൽകിയിരുന്നു. എന്നാൽ, 2018 ഓഗസ്റ്റ് മാസം കാരണമില്ലാതെ കരാറുകാരൻ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. മോശം നിർമ്മാണ രീതികളും ഗുണനിലവാരമില്ലാത്ത സാമഗ്രികളുടെ ഉപയോഗവും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരാതിക്കാരൻ കമ്മീഷനെ സമീപിക്കുകയായിരുന്നു.
കമ്മീഷൻ നിയോഗിച്ച വിദഗ്ധ പരിശോധനയിൽ രണ്ട് കെട്ടിടങ്ങളുടെയും പണി പകുതിപോലും പൂർത്തിയായിട്ടില്ലെന്നും ഭിത്തികൾ, വാതിലുകൾ, ജനലുകൾ എന്നിവ സ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി. കൂടാതെ, നിർമ്മാണത്തിനായി എത്തിച്ച 56 ചാക്ക് സിമന്റ് കട്ടപിടിച്ച് നശിച്ച നിലയിലായിരുന്നു.
വൻതുക കൈപ്പറ്റിയ ശേഷം നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് സേവനത്തിലെ വലിയ വീഴ്ചയാണെന്നും, 99 ശതമാനം പണിയും പൂർത്തിയായി എന്ന കരാറുകാരന്റെ വാദം തെറ്റാണെന്നും കമ്മീഷൻ റിപ്പോർട്ടിലൂടെ വ്യക്തമായതായി ഡി.ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിനും സാമ്പത്തിക നഷ്ടത്തിനും പരിഹാരമായി 1,00,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനുള്ളിൽ നൽകാൻ എതിർകക്ഷിക്ക് ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. ജെ. സൂര്യ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam