കൊറോണ: നഗരത്തിലേക്കില്ല, വീട്ടില്‍ അടുപ്പുകൂട്ടി പൊങ്കാലയിട്ട് മാതൃകയായി അമ്മമാര്‍

By Web TeamFirst Published Mar 9, 2020, 4:39 PM IST
Highlights

സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കവെ വീട്ടുമുറ്റത്ത് ഇഷ്ടിക വെച്ച് അടുപ്പ് കൂട്ടി  പൊങ്കാല നേദിച്ച വീട്ടമ്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ പിടിപെട്ട വാര്‍ത്തകള്‍ വന്നതോടെ ആറ്റുകാല്‍ പൊങ്കാല മാറ്റിവയ്ക്കണമെന്നും രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തവണ പൊങ്കാലയിടാന്‍ സ്ത്രികള്‍ എത്തരുതെന്നും വിവിധ തുറകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കവെ ആറ്റുകാല്‍ പൊങ്കാല തങ്കളുടെ വീട്ടില്‍ ഇട്ട് സമൂഹത്തിന് മാതൃകയായി കുറച്ച് വീട്ടമ്മമാര്‍. വീട്ടുമുറ്റത്ത് ഇഷ്ടിക വെച്ച് അടുപ്പ് കൂട്ടി  പൊങ്കാല നേദിച്ച വീട്ടമ്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

തിരുവനന്തപുരം സ്വദേശിയായ രാധിക സി നായര്‍, കൊല്ലം പരവൂര്‍ സ്വദേശിയായ വിഷ്ണുവിന്റെ അമ്മ തുടങ്ങി നിരവധി പേരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല കാലത്തെ മാതൃക എന്ന അടിക്കുറുപ്പോടെ പ്രചരിക്കുകയാണ്.വേണ്ടത് ജാഗ്രതയും കരുതലും, ആറ്റുകാല്‍ ദര്‍ശനം തത്കാലത്തേക്ക് മാറ്റിവെച്ച് അമ്മ വീട്ടില്‍ പൊങ്കാലയിടുന്നു എന്നാണ് വിഷ്ണു ചിത്രം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. സമൂഹത്തിന് മാതൃകയാകുന്ന തീരുമാനമെടുത്ത വീട്ടമ്മമാര്‍ക്ക് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.

എന്‍റെ പൊങ്കാല എന്‍റെ വീട്ടുമുറ്റത്ത് എന്ന അടിക്കുറുപ്പോടെയാണ് രാധിക സി നായര്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഏവര്‍ക്കും മാതൃകയാ ഈ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്. സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാല മാറ്റിവെക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇന്നലെയും ഇന്നുമായി പത്തനംതിട്ടയിലും എറണാകുളത്തും ആറുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലുമായിരുന്നു. 

കൊറോണ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചുമയും പനിയും ക്ഷീണവും തോന്നുന്നവര്‍, രോഗബാധിത മേഖലകളില്‍ നിന്നുളള ഭക്തര്‍ എന്നിവര്‍ പൊങ്കാല ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്നലെ നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് പലരും ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് എത്താതെ വീട്ടുമുറ്റത്ത് തന്നെ പൊങ്കാലയിട്ടത്.

click me!