രണ്ട് മണിക്കൂര്‍ പെയ്ത മഴയില്‍ ഒലിച്ച് പോയത് ഒരു കോടി ചെലവിട്ട് നിര്‍മ്മിച്ച പാലം; പ്രതിഷേധം വ്യാപകം

By Web TeamFirst Published Nov 18, 2018, 12:17 PM IST
Highlights

ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച താല്കാലിക പാലം രണ്ട് മണിക്കൂർ പെയ്ത കനത്ത മഴയിൽ ഒലിച്ചു പോയതിൽ വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. 
 

ഇടുക്കി: ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച താല്കാലിക പാലം രണ്ട് മണിക്കൂർ പെയ്ത കനത്ത മഴയിൽ ഒലിച്ചു പോയതിൽ വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് മൂന്നാർ - ഉടുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിലെ പെരിയവാരക്ക് സമീപം താൽക്കാലിക പാലം നിർമ്മിച്ചത്. പ്രളയത്തിൽ തകർന്ന പാലത്തിന് സമീപത്താണ് മണ്ണും കല്ലും ഉപയോഗിച്ച് വാഹനങ്ങൾക്ക് കടന്നുപോകാൻ ഒരു മാസത്തിനുള്ളിൽ പാലം നിർമ്മിച്ചത്. 

ഒരു കോടി രൂപ ചിലവഴിച്ച് ദേശീയ പാത അധികൃതരാണ് നിർമ്മാണം പൂർത്തിയാക്കിയത്. പട്ടാളത്തിനെ ഉപയോഗിച്ച് പാലം നിർമ്മിക്കണമെന്ന പ്രാദേശിക നേതാക്കളുടെ നിർദ്ദേശം അവഗണിച്ചാണ് അധികൃതർ നിർമ്മാണം നടത്തിയത്. നിർമ്മാണത്തിലെ അപാകത നേതാക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ മുഖവിലക്കെടുത്തില്ല. ലക്ഷങ്ങൾ മാത്രം ചിലവഴിക്കേണ്ട പാലത്തിന് കോടികൾ ചിലവാക്കിയ എം.എൽ.എ. എസ്.രാജേന്ദ്രനെതിരെയും, എം.പി ജോയ്സിനെതിരെയും വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയർന്നു. 

ഇതിനിടെയാണ് വെള്ളിയാഴ്ച രണ്ട് മണിക്കൂർ പെയ്ത കനത്ത മഴയിൽ പാലം ഒലിച്ച് പോയത്. ഇതോടെ അന്തർസംസ്ഥാന പാതയിലൂടെയുള്ള ചരക്ക് നീക്കം പൂർണ്ണമായി നിലച്ചു. രാജമല സന്ദർശനത്തിന് പോകുന്ന സഞ്ചാരികളടക്കം കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകൾ വഴി നടന്ന് മറുകരയിലെത്തി മറ്റ് വാഹനങ്ങളെ അശ്രയിക്കുകയാണ്. പാലത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ശനിയാഴ്ച പാലത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ മണി, ഡി.സി. സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, നെൽസൻ തുടങ്ങിയവർ പങ്കെടുത്തു.
 

click me!