വെസ്റ്റ് നൈൽ പനി ബാധിച്ച് ആറ് വയസുകാരൻ മരിച്ച സംഭവം; വൈറസിന്‍റെ ഉറവിടം കണ്ടെത്താനായില്ല

By Web TeamFirst Published Jun 14, 2019, 9:58 PM IST
Highlights

പ്രദേശത്ത് കൂട്ടത്തോടെ ചത്ത കാക്കകളിൽ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനയിൽ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ല.

മലപ്പുറം: മലപ്പുറം വേങ്ങരയിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ആറ് വയസുകാരൻ മരിച്ച സംഭവത്തിൽ വൈറസിന്‍റെ ഉറവിടം കണ്ടെത്താനായില്ല. പ്രദേശത്ത് കൂട്ടത്തോടെ ചത്ത കാക്കകളിൽ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനയിൽ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ല.

ഇക്കഴിഞ്ഞ മാർച്ചിലാണ് വേങ്ങര കണ്ണമംഗലത്ത് വെസ്റ്റ് നൈൽ ബാധിച്ച് ആറ് വയസുകാരൻ മരിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് കാക്കകൾ കൂട്ടത്തോടെ ചത്തതായി റിപ്പോർട്ട് ചെയ്തിരുന്നു. വെസ്റ്റ് നൈൽ വൈറസ് പരത്തുന്നത് കൊതുകാണെങ്കിലും കാക്കകൾ വൈറസ് വാഹകരാണ്. ചത്ത ഒൻപത് കാക്കകളിൽ നിന്ന് ശേഖരിച്ച സാംപിളുകളാണ് സംസ്ഥാന മൃഗ രോഗ വിഭാഗത്തിലേക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കും അയച്ചത്. എന്നാൽ ഇവയിലടക്കം ഇതുവരെ പരിശോധിച്ച മുപ്പത് സാമ്പിളുകളിൽ ഒന്നിൽ പോലും വൈറസ് ബാധ കണ്ടെത്താനായില്ല. 

വെസ്റ്റ് നൈൽ സ്ഥിരീകരിച്ചവരുടെ യാത്ര വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് ഇപ്പോൾ ആരോഗ്യ വകുപ്പ്. വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ട് വരുന്ന ഭക്ഷണ സാധനങ്ങൾ കഴിച്ചിരുന്നോ എന്നതടക്കം പരിശോധിക്കും. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും ഒരുമിച്ചുള്ള അന്വേഷണമാണ് ഇനി നടക്കുക. പുതുതായി വരുന്ന രോഗങ്ങളിൽ 75ശതമാനവും മൃഗങ്ങളിൽ നിന്ന് വരുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ മൃഗങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൃത്യമായ ശ്രദ്ധയുണ്ടാവണമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.

click me!