
ആലപ്പുഴ: മുംബൈയിൽ നിന്നെത്തിയ ആലപ്പുഴക്കാർക്ക് ക്വാറൻ്റീൻ സൗകര്യം ഒരുക്കുന്നതിൽ വീഴ്ച. സ്ത്രീകളും കുട്ടികളും അടക്കം 95 പേർ ഇന്നലെ രാത്രി മണിക്കൂറുകളോളം കെഎസ്ആർടിസി ബസിൽ തുടരേണ്ടി വന്നു. കൃത്യമായ അറിയിപ്പ് ലഭിക്കാത്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
ഇന്നലെ രാത്രി ഏഴരയോടെയാണ് ഇവർ എറണാകുളം റെയിവേ സ്റ്റേഷനിലെത്തിയത്. കെഎസ്ആർടിസി ബസുകളിൽ രാത്രി 11 മണിയോടെ ആലപ്പുഴയിൽ എത്തിച്ചെങ്കിലും താമസസൗകര്യം ഒരുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായി. ഒടുവിൽ പ്രവാസികൾക്കായി ഏറ്റെടുത്ത ചെങ്ങന്നൂരിലെ കൊവിഡ് കെയർ സെന്‍ററുകളിലേക്ക് ഇവരെ മാറ്റാൻ തീരുമാനിച്ചു. എന്നാൽ ചെങ്ങന്നൂരിൽ എത്തിക്കുന്ന കാര്യം ജില്ലാ ഭരണകൂടം അറിയിച്ചില്ലെന്ന് നഗരസഭയും പറയുന്നു.
ആശയക്കുഴപ്പത്തിനൊടുവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് ചെങ്ങന്നൂരിലെ ഹോട്ടലുകളിൽ താമസം ഒരുക്കാനായത്. മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് അനുവദിച്ച ട്രെയിനിലാണ് ഇവർ എറണാകുളത്തെത്തിയത്. എത്ര പേർ വരുമെന്നതിൽ കൃത്യമായ അറിയിപ്പ് ലഭിച്ചില്ലെന്ന വിശദീകരണമാണ് ജില്ലാഭരണകൂടത്തിന്‍റേത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam