
തിരുവനന്തപുരം: കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ യുവാവ് ആരോഗ്യപ്രവര്‍ത്തകയെ വീട്ടില്‍ കയറി ആക്രമിച്ചു. വാമനപുരം പഞ്ചായത്തിലെ ആശാവര്‍ക്കര്‍ ലിസി (37)നെയാണ് ആക്രമിച്ചത്. സംഭവത്തില്‍ പ്രതിയായ വിഷ്ണു(27)വിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൂവത്തൂര്‍ സ്വദേശികളാണ് ഇരുവരും.
നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടും ഇത് നിഷേധിച്ച് പുറത്ത് കറങ്ങി നടന്നത് ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചതിനാണ് ലിസിയെ വിഷ്ണു ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നുസംഭവം.
ലിസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ വിഷ്ണു അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. താന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചതെന്തിനെന്ന് ചോദിച്ചായിരുന്നു ആക്രമണം. ലിസിയുടെ മുടിയില്‍ ചുറ്റിപ്പിടിച്ചാണ് ഇയാള്‍ മര്‍ദ്ദിച്ചത്. മുഖത്തും ചെവിയിലും തലയിലും ഇയാള്‍ ഇടിച്ചു. പത്ത് മിനുട്ടോളം മര്‍ദ്ദനം തുടര്‍ന്നു.
ലിസിയുടെയും മകളുടെയും നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെ വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ലിസിയെ വാമനപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 9നാണ് വിഷ്ണു നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ അനുസരിച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി നടക്കാന്‍ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് ഇടപെട്ടു. ലിസി ഉള്‍പ്പെട്ട ടീമിനായിരുന്നു നിരീക്ഷണ ചുമതല. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് 19 ന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു ലിസി. ഇവരെ ആക്രമിച്ചതിന് ശേഷം രക്ഷപ്പെട്ട വിഷ്ണുവിനായി പൊലീസ് തെരച്ചില്‍ ഈര്‍ജ്ജിതമാക്കിയിരിക്കുകയാണ്. വിഷ്ണുവിന്റെ പാസ്‌പോര്‍ട്ട് പൊലീസ് കണ്ടുകെട്ടും.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam