
കൊച്ചി : ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും നിരന്തരം ഓര്‍മ്മിപ്പിച്ചിട്ടും കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ സാമൂഹിക അകലം എന്ന നിര്‍ദ്ദേശം ലംഘിച്ച് ജനപ്രതിനിധികൾ. കൊച്ചി കാലടിയിൽ എംഎൽഎ അടക്കം ജനപ്രതിനിധികളും പ്രാദേശിക കോൺഗ്രസ് നേതാക്കളും നേതൃത്വം നൽകിയ മാസ്ക് വിതരണ ചടങ്ങിലാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടന്നത്. അറുപതോളം കുട്ടികളെ പങ്കെടുപ്പിച്ചായിരുന്നു സാമൂഹിക അകലം എന്ന നിര്‍ദ്ദേശത്തിന് പുല്ലുവില നൽകിയ ചടങ്ങ്.
കാലടി ബ്ലോക്ക് ഡിവിഷനിൽപ്പെട്ട അഞ്ചുമുതൽ 12 വരെ വാർഡുകളിലെ കുട്ടികൾക്കായാണ് ജനപ്രതിനിധികൾ മാസ്ക് വിതരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി പി ജോർജ് ആയിരുന്നു സംഘാടകൻ. ഉദ്ഘാടനം അങ്കമാലി എം എൽ എ റോജി എം ജോൺ. പിന്നെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വേറെ. 60 ഓളം കുട്ടികളാണ് മാസ്ക് വാങ്ങാൻ തിങ്ങിക്കൂടിയത്. കൈക്കുഞ്ഞങ്ങളുമായി അമ്മമാരും എത്തി
യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ ആയിരുന്നു ചടങ്ങ്. സാമൂഹ്യകലമെന്നത് ജനപ്രതിനിധികളായ സംഘാടകർ കേട്ടിട്ടുപോലുമില്ലെന്ന് തോന്നിക്കുന്ന വിധത്തിലായിരുന്നു കുട്ടികളെ ചേർത്തു നിർത്തി നേതാക്കളുടെ മാസ്ക് വിതരണം. പിന്നെ ഒന്നിനുപുറകേ ഒന്നായി ഓരോരുത്തരുടേയും പ്രസംഗം. ഒടുവിൽ എല്ലാവരേയും ചേർത്ത് നിർത്തി ഗ്രൂപ്പ് ഫോട്ടോ. മഹാമാരി സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കുമോയെന്ന് നാടെങ്ങും ആശങ്കയോടെ ഉറ്റുനോക്കുന്ന ഘട്ടത്തിലാണ് കുഞ്ഞുങ്ങളെപ്പോലും അപകടത്തിലാക്കി പ്രാദേശിക നേതാക്കളുടെ മാസ്ക് വിതരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam