കടുവയും ചെന്നായ്ക്കളും; പുല്‍പ്പള്ളിയില്‍ വളര്‍ത്തുമൃഗങ്ങള്‍ ആക്രമിക്കപ്പെടുന്നു

By Web TeamFirst Published Jul 27, 2020, 11:32 PM IST
Highlights

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. തൊട്ടടുത്ത ദിവസം വീട്ടിമൂല ചാത്തമംഗലത്ത് പശുവിനെ അജ്ഞാത ജീവി ആക്രമിച്ചു.
 

കല്‍പ്പറ്റ: പുല്‍പ്പള്ളി മേഖലയിലെ കാടിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പശുക്കളാണ് ആക്രമിക്കപ്പെട്ടത്. കുറിച്ചിപ്പറ്റയില്‍ വീടിന് സമീപത്ത് മേയാന്‍ വിട്ട പശുവിനെ കടുവ ആക്രമിക്കുകയായിരുന്നു. തെക്കേകൈതക്കല്‍ ചാക്കോയുടെ പശുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.

തൊട്ടടുത്ത ദിവസം വീട്ടിമൂല ചാത്തമംഗലത്ത് പശുവിനെ അജ്ഞാത ജീവി ആക്രമിച്ചു. ഭൂദാനം കോളനിയിലെ രാമകൃഷ്ണന്റെ പശുവിനെയാണ് ആക്രമിച്ചത്. ചെന്നായയാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. പശുവിന് കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവിടെയും നിരീക്ഷണക്യാമറ സ്ഥാപിച്ചതായി ചെതലയം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ടി. ശശികുമാര്‍ പറഞ്ഞു.

അതേ സമയം യുവാവിനെ അടക്കം ആക്രമിച്ച് കൊലപ്പെടുത്തി മേഖലിയില്‍ ഭീതി വിതച്ച കടുവയെ ഇതുവരെ പിടികൂടാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. കടുവക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതിനാല്‍ കൂടുതല്‍ നടപടികളിലേക്ക് തിരിയാന്‍ വനംവകുപ്പിന് കഴിയാത്ത സ്ഥിതിയും ഉണ്ട്.

click me!