'പൗരത്വത്തി'ൽ വാക്കേറ്റം: പാലക്കാട് നഗരസഭയിൽ സിപിഎം പ്രമേയം, എതിർത്ത് ബിജെപി

By Web TeamFirst Published Dec 18, 2019, 1:52 PM IST
Highlights

പൗരത്വ നിയമഭേദഗതിക്ക് എതിരെ സിപിഎം നഗരസഭാ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തെ ബിജെപി എതിർത്തപ്പോഴാണ് വാക്കേറ്റമുണ്ടായത്. 

പാലക്കാട്: പൗരത്വ നിയമഭേദഗതിയെ എതിർത്ത് പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സിപിഎം പ്രമേയം കൊണ്ടുവന്നതിന് എതിരെ ബിജെപി. പ്രമേയം പാസ്സാക്കുന്നതിനെച്ചൊല്ലി യോഗത്തിൽ ബിജെപി - സിപിഎം അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. വാക്കുതർക്കം മൂത്ത് കയ്യാങ്കളിയായി. അംഗങ്ങൾ പരസ്പരം ഹാളിലിറങ്ങി തമ്മിൽത്തല്ലി.

സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്ടേത്. ഇവിടെയാണ് സിപിഎം പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം കൊണ്ടുവന്നത്. ഇതിനെ യുഡിഎഫ് അംഗങ്ങളും അനുകൂലിച്ച് രംഗത്തെത്തി. എന്നാൽ ബിജെപി അംഗങ്ങൾ പ്രമേയത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചാണ് ബഹളം തുടങ്ങിയത്. 

യോഗത്തിനെത്തിയ നഗരസഭാ ചെയർപേഴ്സൺ പ്രമീള ഒരു കാരണവശാലും പ്രമേയം പാസ്സാക്കാൻ അനുമതി നൽകാനാകില്ലെന്ന് വ്യക്തമാക്കി. ഇതോടെയാണ് പ്രതിഷേധം തുടങ്ങിയത്. സിപിഎം, യുഡിഎഫ് അംഗങ്ങൾ ചെയർപേഴ്സണിന്‍റെ ചേംബറിലേക്ക് ഇരച്ച് കയറി ബഹളം വച്ചു, അവരെ ഉപരോധിച്ചു. ഇത് തടയാൻ ബിജെപി അംഗങ്ങളുമെത്തി. ഇതിനിടെയാണ്

52 അംഗങ്ങളാണ് നഗരസഭയിലുള്ളത്. ഇതിൽ 24 പേരാണ് ബിജെപി അംഗങ്ങൾ. ബാക്കിയെല്ലാവരും സിപിഎം, കോൺഗ്രസ്, വെൽഫെയർ പാർട്ടി അടക്കമുള്ളവരുടെ അംഗങ്ങളാണ്. പ്രതിപക്ഷത്തിന്‍റെ ആകെ അംഗബലം 28 ആയിരുന്നു. മറ്റ് പാർട്ടികൾ പിന്തുണച്ചെങ്കിൽ തീർച്ചയായും സിപിഎമ്മിന്‍റെ പ്രമേയം പാസ്സാകേണ്ടിയിരുന്നതാണ്. ഇത് പാസ്സാകുന്നതിനെ എതിർത്ത ബിജെപി അംഗങ്ങൾ പ്രമേയം വലിച്ചു കീറി. 

മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന നിയമഭേദഗതി പിൻവലിക്കണമെന്നാണ് സിപിഎം പ്രമേയം. സിപിഎം മുപ്പത്തിനാലാം വാർഡ് കൗൺസിലർ അബ്ദുൾ ഷുക്കൂറാണ് പ്രമേയം അവതരിപ്പിച്ചത്. വായിച്ചപ്പോൾത്തന്നെ ബിജെപി ബഹളം തുടങ്ങി. പിന്നീട് ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

ബിജെപി അംഗങ്ങളുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് സിപിഎം പ്രതിഷേധമാർച്ച് അടക്കമുള്ള പരിപാടികൾക്ക് തയ്യാറെടുക്കുകയാണ്. നഗരസഭയുടെ പല പരിപാടികളുമായി സഹകരിക്കുന്നത് അവസാനിപ്പിക്കാനും പ്രതിപക്ഷ അംഗങ്ങൾ ആലോചിക്കുന്നുണ്ട്. 

click me!