
കരുനാഗപ്പള്ളി: കടമുറിയുടെ ചുവരുകളെ മനോഹരമാക്കിയ വഴിയാത്രക്കാരന്റെ ചിത്രം പാർട്ടി പരിപാടിയുടെ ചുവരെഴുത്തിനായി മായ്ച്ചുകളഞ്ഞു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. കൊല്ലം കരുനാഗപ്പള്ളിയിലാണ് വഴിയാത്രക്കാരനായ ചിത്രകാരൻ വരച്ച ചിത്രങ്ങൾ സിപിഐഎം ജനകീയ പ്രതിരോധ യാത്രയുടെ ചുവരെഴുത്തിനായി മായിച്ചത്. നിരവധി പേരാണ് ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയത്.
പച്ചിലയും കരിയും ചോക്കുകളും ഉപയോഗിച്ചു ഗ്രാമീണ ഭംഗി വരച്ചുവച്ച വഴിയാത്രക്കാരൻ. കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്റ്റ് സ്റ്റാന്റിലെത്തുന്നവർ സമീപത്തെ കടയുടെ ചുവരിലെ ചിത്രം കാണാതെ പോകില്ലെന്ന സ്ഥിതിയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ ഇത് പങ്കുവച്ചതോടെ ചിത്രം കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകളെത്തിയിരുന്നു.
വഴിയാത്രക്കാരനായ വൃദ്ധൻ ഒരാഴ്ചയെടുത്ത് വരച്ച ചിത്രമാണ് മായ്ച്ചത്. ചിത്രം കാണാനെത്തുന്നവർ നൽകിയിരുന്ന ചെറിയ സംഭവനകളായിരുന്നു അവശനായ ഈ വൃദ്ധന്റെ ഏക വരുമാനം. തിരുവനന്തപുരം സ്വദേശിയാണ് സദാനന്ദനാണ് ചിത്രങ്ങൾ വരച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ചിത്രം വരച്ചാൽ കുറച്ചു ദിവസം ആ സ്ഥലത്ത് നിൽക്കും. പിന്നീട് അടുത്തയിടങ്ങളിലേക്ക് പോകുന്നതാണ് സദാനന്ദന്റെ രീതി. ചുവർ ചിത്രങ്ങൾ മായ്ച്ചതിൽ നാട്ടുകാരും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam