ക്രൂ ചെയ്ഞ്ചിംഗിൽ ഡബിൽ സെഞ്ച്വറി തികച്ച് വിഴിഞ്ഞം പോർട്ട്

By Web TeamFirst Published Apr 9, 2021, 9:36 AM IST
Highlights


സിംഗപ്പൂരിൽ നിന്ന് യുഎയിലേക്കുള്ള യാത്രാമധ്യേ എത്തിയ കപ്പലിൽ നാല് പേരെ ഇവിടെ ഇറക്കുകയും പകരം നാല് പേരെ കയറ്റുകയും ചെയ്തു

തിരുവനന്തപുരം: ക്രൂ ചെയ്ഞ്ചിംഗിൽ ഡബിൽ സെഞ്ച്വറി തികച്ച്  വിഴിഞ്ഞം പോർട്ട്. ക്രൂ ചെയ്ഞ്ചിംഗ് ആരംഭിച്ച് വെറും ഒമ്പത് മാസം കൊണ്ടാണ് വിഴിഞ്ഞം സെന്റർ ഇരുന്നൂറിലെത്തി ചരിത്രം സൃഷ്ടിച്ചത്. ഇതോടെ ചുരുങ്ങിയ സമയം കൊണ്ട് ക്രൂ ചെയ്ഞ്ചിംഗ് നടത്തിയ ഇന്ത്യയിലെ മൈനർ തുറമുഖങ്ങളിൽ ഒന്നാം സ്ഥാനവും വിഴിഞ്ഞത്തെ തേടിയെത്തി. ക്രൂചെയ്ഞ്ചിംഗിൽ 200 തികച്ച ഇന്നലെ നാല് കപ്പലുകളാണ് വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടത്. മാർ ഷൽദ്വീപ് രജിസ്ട്രേഷനുള്ള സാവിലെറോ എന്ന കൂറ്റൻ കപ്പലാണ് ഇരുന്നൂറാമനായി എത്തിയത്. 

സിംഗപ്പൂരിൽ നിന്ന് യുഎയിലേക്കുള്ള യാത്രാമധ്യേ എത്തിയ കപ്പലിൽ നാല് പേരെ ഇവിടെ ഇറക്കുകയും പകരം നാല് പേരെ കയറ്റുകയും ചെയ്തു. ഇന്നലെ ഇത് കൂടാതെ മറ്റ് മൂന്ന് കപ്പലുകൾ കൂടി വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് നടത്തിയിരുന്നു. രാവിലെ  ഒൻപതരയോടെ എത്തിയ എസ്ടിഐ ലാവൻഡർ, തൊട്ട് പിന്നാലെ എത്തിയ എസ്ടിഐ കിംഗ്സ് വേ, ഉച്ചയോടെ എത്തിയ എസ്ടിഐ സ്റ്റെഡ് ഫാസ്റ്റ് എന്നിവയാണ് മറ്റ് കപ്പലുകൾ. 

ഇതിൽ സ്റ്റെഡ് ഫാസ്റ്റ് സൗദി അറേബ്യയിൽ നിന്ന് ഓയിലുമായി സിംഗപ്പൂരിലേക്കും മറ്റ് രണ്ട് കപ്പലുകളും സിംഗപ്പൂരിൽ നിന്ന് യുഎയിലേക്കും  പോകുന്നതിനിടയിലാണ് ജീവനക്കാരെ മാറ്റികയറ്റാനായി വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. പോർട്ടിന് പുറത്ത് കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലുകളിൽ നിന്ന്  മാരിടൈം ബോർഡിൻ്റെ എം ടി ധ്വനി എന്ന ടഗ്ഗിലാണ് യാത്രക്കാരെ തീരത്തും പകരക്കാരെ തിരികെ കപ്പലിലും എത്തിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ച് ആരോഗ്യ വിഭാഗത്തിൻ്റെയും കസ്റ്റംസിൻ്റെയും എമിഗ്രേഷൻ്റെയും പോർട്ടിൻ്റെയും അധികൃതരുടെ മാർഗ്ഗ നിർദ്ദേശങ്ങളോടെ പുറത്തിറങ്ങിയ തൊഴിലാളികൾ എല്ലാവരും ക്വാറൻ്റൈനിൽ പ്രവേശിച്ചു. 

2020 ജൂലൈ 15ന് ലോകത്തെ തന്നെ പടുകൂറ്റൻ ഓയിൽ ടാങ്കറായ  എവർഗ്ലോബ് ആണ് ആദ്യമായി വിഴിഞ്ഞത്തെത്തി ക്രൂ ചേഞ്ചിംഗ് നടത്തിയത്. ഇതിനുശേഷം ലോകമെമ്പാടും ചുറ്റിയടിക്കുന്ന ചരക്കുകപ്പലുകൾ തുടർച്ചയായി എത്തിയതോടെ വിഴിഞ്ഞം പോർട്ടിനെ അന്താരാഷ്ട്ര ക്രൂ ചേഞ്ചിംഗ് ആൻ്റ് ബെങ്കറിംഗ് പദവിയിലേക്ക് സർക്കാർ ഉയർത്തി. 

ലോകം കൊറോണയുടെ പിടിയിലായതോടെ ലോകമൊട്ടാകെ ലോക്ക്ഡൗണും യാത്രാവിലക്കുകളും ഫ്രഖ്യാപിച്ചതോടെ വിമാന സർവ്വീസുകൾ വരെ നിർത്തലാക്കിയപ്പോഴും തടസമില്ലാതെ വിഴിഞ്ഞത്ത് കപ്പലുകൾക്ക് അടുക്കാനായി. വിദേശികളും ഇന്ത്യക്കാരുമടക്കം നിരവധി പേർ ഇതിനോടകം ഇവിടെ ഇറങ്ങുകയും ഇവിടെ നിന്ന് കപ്പലുകളിൽ  കയറിപ്പോവുകയും ചെയ്തു. കേരളത്തിലെ വൻകിട തുറമുഖങ്ങളെപ്പോലും പിന്തള്ളിയുള്ള വിഴിഞ്ഞത്തിൻറെ കുതിപ്പ് ഇനിയും തുടരുമെന്ന് മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി ജെ മാത്യു പറഞ്ഞു. 

click me!