Latest Videos

കോടതിയെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം; 11 പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

By Web TeamFirst Published Jul 18, 2020, 1:13 PM IST
Highlights

സംഘത്തിലെ പി ഗണേഷന്‍, മോഹന സുന്ദരം, അര്‍ജുനന്‍, ദ്രവ്യം എന്നിവര്‍ 2018 ല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഭൂമി തട്ടിപ്പ് മനസിലായത്.

ഇടുക്കി: കോടതിയെ തെറ്റിദ്ധരിപ്പിച്ച് മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച 11 പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശികളായ പി ജയകുമാര്‍, പി മരിയാ ആന്റെണി, ചൊക്കനാട് സ്വദേശികളായ എസ് ഷണ്‍മുഖത്തായി, വിനോദ് ഷണ്ഡമുഖയ്യ, നല്ലതണ്ണി സ്വദേശി വില്‍സന്‍ ഇന്‍പരാജ്, ലക്ഷമി എസ്റ്റേറ്റില്‍ താമസിക്കുന്ന ജി ഗണേഷ് രാജ, കെ മോഹന സുന്ദരം, സെവന്‍മല സ്വദേശി പി രാജന്‍, തെന്മല ഫാക്ടറി ഡിവിഷനിലെ പി ഗണേഷന്‍, വാഗുവാര സ്വദേശി അര്‍ജുനന്‍, ചോലമല സ്വദേശി പി ദ്രവ്യം എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.  

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റ്റി.എ ആന്റെണിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഘത്തിലെ പി ഗണേഷന്‍, മോഹന സുന്ദരം, അര്‍ജുനന്‍, ദ്രവ്യം എന്നിവര്‍ 2018 ല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഭൂമി തട്ടിപ്പ് മനസിലായത്. കോടികള്‍ വിലമതിക്കുന്ന ദേശിയപാതയിലടക്കം കൈവശഭൂമി പതിച്ചുകിട്ടുന്നതിന് ഇവര്‍ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ പരിഗണനയിലാണ്. കേസ് തീരുന്നതുവരെ ഭൂമിയില്‍ നിന്നും ഇറക്കിവിടരുതെന്നായിരുന്നു ഹര്‍ജി. 

ഇവര്‍ സമര്‍പ്പിച്ച കൈവശ രേഖകളുള്‍പ്പെടെ പരിശോധിക്കാന്‍ ഹൈക്കോടതി റവന്യുവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇടുക്കി ഡെപ്യൂട്ടി കളക്ടര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും ഇത് നിര്‍മ്മിച്ചവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രേഖകള്‍ നിര്‍മ്മിച്ചവരെല്ലാം മരിച്ചതായാണ് വിവരം.

click me!