നെയ്യാര്‍ ഡാമില്‍ ചീങ്കണ്ണിയെ കണ്ടെത്തി, ജാഗ്രതാ നിര്‍ദ്ദേശം; വീഡിയോ

Published : Nov 03, 2022, 02:58 PM ISTUpdated : Nov 03, 2022, 03:05 PM IST
നെയ്യാര്‍ ഡാമില്‍ ചീങ്കണ്ണിയെ കണ്ടെത്തി, ജാഗ്രതാ നിര്‍ദ്ദേശം; വീഡിയോ

Synopsis

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ കരയിൽ നിന്നും ജലാശയത്തിലൂടെ നീന്തി പോകുന്ന വലിയ ചീങ്കണ്ണി ഒടുവിൽ ജലാശയത്തിൽ മുങ്ങി താഴുന്ന ദൃശ്യമാണ് ഉള്ളത്.

തിരുവനന്തപുരം: നെയ്യാർ ഡാമില്‍ വീണ്ടും ചീങ്കണ്ണി ഭീതി. കരക്കെത്തിയ ചീങ്കണ്ണി മ്ലാവിനെ കടിച്ചു കൊന്നെന്നും പ്രദേശവാസികള്‍ പറയുന്നു. നെയ്യാർ ജല സംഭരണിയിൽ ചീങ്കണ്ണിയെ കണ്ടതായി വീഡിയോ പ്രചരിച്ചതോടെ പ്രദേശവാസികൾ ചീങ്കണ്ണിപ്പേടിയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ കരയിൽ നിന്നും ജലാശയത്തിലൂടെ നീന്തി പോകുന്ന വലിയ ചീങ്കണ്ണി ഒടുവിൽ ജലാശയത്തിൽ മുങ്ങി താഴുന്ന ദൃശ്യമാണ് ഉള്ളത്. വീഡിയോ വ്യാപകമായതിന് പിന്നാലെ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും റിസര്‍വോയറിന്‍റെ സമീപത്തുള്ള സഹകരണ കോളേജ്, വ്ളാവെട്ടി ട്രൈബല്‍ സ്കൂള്‍, നെയ്യാര്‍ ഡാം, ഹയര്‍ സെക്കന്‍ററി സ്കൂള്‍, ജലാശയം അതിരിടുന്ന അമ്പൂരി പഞ്ചായത്തിലെ തൊടുമല, മായം, അമ്പൂരി വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ക്കും നെയ്യാര്‍ വന്യജീവി അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി ബ്രിജേഷ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

സംഭവം ശ്രദ്ധയിൽപ്പെട്ടതായി കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും നെയ്യാർ ഡാം പൊലീസും അറിയിച്ചു. എന്നാൽ, ചീങ്കണ്ണിയെ പിന്നീട് ആരും കണ്ടതായി പറയുന്നില്ല. അതേ സമയം കുടിക്കാനും, കുളിക്കാനും ജലാശയത്തെ മാത്രം ആശ്രയിക്കുന്ന സംഭരണിയുടെ തീരത്തെ താമസക്കാര്‍  വീണ്ടും ഭീതിയോടെയാണ് കഴിയുന്നത്. ഭയപ്പെടുത്തുന്ന മുൻകാല സംഭവങ്ങൾക്ക് സാക്ഷികളാണ് തീരത്തുള്ളവർ എന്നത് അവരുടെ ഭയമേറ്റുന്നു. നേരത്തെ നെയ്യാര്‍ ഡാമില്‍ വനം വകുപ്പ് ചീങ്കണ്ണി കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. പിന്നീട് ഇവ വളര്‍ന്ന് വലുതായതോടെ ഇവ കരയ്ക്ക് കയറി അക്രമണം തുടങ്ങി. ചീങ്കണ്ണി ആക്രമണത്തില്‍ പ്രദേശത്ത് നാലുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. അംഗഭംഗം വന്നവരും ഇവിടെയുണ്ട്. നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വനം വകുപ്പ് കെണിവച്ച് നിരവധി ചീങ്കണ്ണികളെ പിടികൂടിയിരുന്നു. 

നവംബർ പകുതി കഴിഞ്ഞാൽ മൂന്ന് മാസത്തോളം ചീങ്കണ്ണികളുടെ പ്രജനനകാലമാണ്. ഈ അവസരത്തിൽ ഇവ അക്രമണകാരികളാകും. സാധാരണഗതിയില്‍ ജലസംഭരണിയിൽ നിന്നും ചീങ്കണ്ണികൾ തീരത്തേക്ക് കയറുന്നത് ഭക്ഷണം കണ്ടെത്താനും മുട്ടയിടാനുള്ള ഇടം കണ്ടെത്താനും ഒക്കെയാണ്. പ്രജനനകാലം മുതൽ മുട്ടയിട്ട് കുഞ്ഞുങ്ങൾ പുറത്തിറങ്ങും വരെ മുട്ടയിട്ട പ്രദേശത്ത് കാവലായി ചീങ്കണ്ണികളുണ്ടാകും. ഇക്കാലയളവില്‍ ഇവ കൂടുതൽ ആക്രമണകാരികളാകുക പതിവാണ്. കരയിൽ പ്രത്യേക കൂടുണ്ടാക്കിയാണ് മുട്ടയിടുക. ഉത്തരംകയം, കൊമ്പൈ, ഒരുവപാറ എന്നീ പ്രദേശങ്ങളില്‍ സംഭരണിയുടെ കരയിൽ മുമ്പ് ചീങ്കണ്ണികളെ കാണുക പതിവായിരുന്നു. കുമ്പിച്ചൽ, പന്തപ്ലാമൂട്, പുട്ടുകല്ല്, മരകുന്നം പ്രദേശങ്ങളിലും സാധാരണ ഇവ എത്തും. എന്നാല്‍ പഴയതുപോലെ ജലാശയത്തിൽ ചീങ്കണ്ണികളുടെ സാന്നിധ്യം ഇല്ലെന്നാണ് വനം വകുപ്പ് പറയുന്നത്. എങ്കിലും പല ഭാഗത്തും വനം വകുപ്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും, ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഈ മുന്നറിയിപ്പ് ബോർഡുകളല്ലാതെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഇവിടെ മറ്റൊന്നുമില്ലെന്നതാണ് യാഥാർത്ഥ്യം. മുൻപ് പല സന്ദർഭങ്ങളിലായി ജലാശയത്തിലേക്ക് തുറന്നു വിട്ട ചീങ്കണ്ണികൾ വളർച്ചയെത്തിയതും കുട്ടികളും ഉൾപ്പെടെ ജലാശയത്തിൽ വിഹരിക്കുന്നതായി നാട്ടുകാരും പറയുന്നു. ജലാശയത്തില്‍ ചീങ്കണ്ണിയെ കണ്ടെത്തിയിട്ടും ജാഗ്രാതാ നിര്‍ദ്ദേശമല്ലാതെ വനംവകുപ്പിന്‍റെ ഭാഗത്ത് നിന്ന് മറ്റൊരു നടപടിയും ഇല്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴി മണ്ണിട്ട് മൂടിയില്ല, വെള്ളം നിറഞ്ഞപ്പോൾ ആഴം വ്യക്തമായില്ല, കുഴിയിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം
ചിക്കനെച്ചൊല്ലി കൂട്ടയടി, ആശുപത്രിയിലുമായി പിന്നാലെ പണിയും പോയി; സാൻഡ്‍വിച്ച് വിവാദത്തിൽ മാനേജറെ പിരിച്ചുവിട്ട് ചിക്കിം​ഗ്