മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കൊലപാതകം; അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണമെന്ന് ബന്ധുക്കള്‍

By Web TeamFirst Published Oct 19, 2018, 5:54 PM IST
Highlights

സയനൈഡ് കലര്‍ത്തി മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കേസ് അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണമെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവത്തിന്റെ അന്വേഷണച്ചുമതല പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള കേസുകൾ അന്വേഷിക്കുന്ന സ്‌പെഷൽ മൊബൈൽ സ്‌ക്വാഡിൽ നിന്ന് മാറ്റി മറ്റൊരു ഏജൻസിക്ക് നൽകണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.


വയനാട്: സയനൈഡ് കലര്‍ത്തി മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കേസ് അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണമെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവത്തിന്റെ അന്വേഷണച്ചുമതല പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള കേസുകൾ അന്വേഷിക്കുന്ന സ്‌പെഷൽ മൊബൈൽ സ്‌ക്വാഡിൽ നിന്ന് മാറ്റി മറ്റൊരു ഏജൻസിക്ക് നൽകണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കാവുംകുന്ന് കോളനിയിലെ പിഗിനായി (65), മകൻ പ്രമോദ് (35), മരുമകൻ പ്രസാദ് (40) എന്നിവരാണ് മരിച്ചത്. പിഗിനായിയുടെ ഭാര്യ ഭാരതി, പ്രസാദിന്റെ അമ്മ കല്യാണി എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 

പിഗിനായിക്ക് വീട്ടിൽ വിഷം കലർത്തിയ മദ്യം എത്തിച്ച് നല്‍കിയ സജിത്ത് കുമാറിനെ പ്രതിപ്പട്ടികയിൽ നിന്ന്  ഒഴിവാക്കിയ സാഹചര്യത്തിലാണ് പരാതി. വെള്ളമുണ്ട പൊലീസ് കേസെടുത്തപ്പോൾ ഒന്നാം പ്രതിയായിരുന്ന സജിത്ത് കുമാർ കേസ് എസ്എംഎസിന് കൈമാറിയതോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവായത്. 

സയനൈഡ് കലർത്തിയ മദ്യം സജിത്തിന് കൈമാറിയ  മാനന്തവാടിയിലെ സ്വർണാഭരണ ത്തൊഴിലാളിയായ ആറാട്ടുതറ പാലത്തിങ്കൽ പി.പി. സന്തോഷ് (46) മാത്രമാണ് പ്രതി. സജിത്തിനെ കൊലപ്പെടുത്താനായാണ് സന്തോഷ് മദ്യത്തിൽ വിഷം കലർത്തിയതെന്നും ഇത് അറിയാതെയാണ് സജിത്ത് പിഗിനായിക്ക് മദ്യം നൽകിയതെന്നുമാണ് പൊലീസ് പറയുന്നത്. 

click me!