
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് സ്റ്റുഡിയോകളിൽ സൈബർ ആക്രമണം നടത്തി പണം തട്ടാൻ ശ്രമം. കമ്പ്യൂട്ടറുകളിൽ സൂക്ഷിച്ചിട്ടുള്ള ഫയലുകൾ ഹാക്ക് ചെയ്ത്, തിരികെ കൊടുക്കാനായി ലക്ഷങ്ങളാണ് ഉടമകളിൽ നിന്ന് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്.
നെടുങ്കണ്ടത്തെ നാല് സ്റ്റുഡിയോകളിലാണ് സൈബർ ആക്രമണമുണ്ടായത്. കമ്പ്യൂട്ടറുകളിൽ സൂക്ഷിച്ചിട്ടുള്ള ഫയലുകളെല്ലാം നഷ്ടപ്പെട്ടു. വിവാഹമടക്കമുള്ള പരിപാടികളുടേതാണിത്. കഴിഞ്ഞ ദിവസങ്ങളിൽ എടുത്തവയായതിനാൽ ഈ കമ്പ്യൂട്ടറിലല്ലാതെ മറ്റൊരിടത്തും കോപ്പിയെടുത്ത് വച്ചിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട
ഫോൾഡറുകൾ തുറക്കുമ്പോൾ കിട്ടുന്നത് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പാണ്.
വിദേശത്ത് നിന്നാണ് സൈബർ ആക്രമണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാവുന്നത്. ഫയലുകൾ നഷ്ടപ്പെട്ടതോടെ വിവാഹപാർട്ടികളിൽ നിന്ന് വാങ്ങിച്ച പണം തിരിച്ചു കൊടുക്കേണ്ട ഗതികേടിലാണ് സ്റ്റുഡിയോകൾ. ജോലി തീരെക്കുറഞ്ഞ ഈ കൊവിഡ് കാലത്ത് ഇത് കനത്ത തിരിച്ചടിയാണെന്ന് സ്റ്റുഡിയോ ഉടമകള്‍ പറയുന്നു.സൈബർ ആക്രമണത്തിൽ പൊലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam