
തൃശൂര്‍: തൃശൂര്‍ നഗരത്തിനടുത്ത് നെടുപുഴയില്‍ ഉണ്ടായ ശക്തമായ ചുഴലി കാറ്റില്‍ മരങ്ങള്‍ വീണ് നിരവധി വീടുകള്‍ക്ക് നാശം. തെങ്ങ് വീണ് പൂര്‍ണ്ണമായും തകര്‍ന്ന വീടിനുള്ളില്‍ വാടകയ്ക്ക് താമസിച്ചിരുന്നവര്‍ കഴിഞ്ഞ ദിവസം പകല്‍ ഒഴിഞ്ഞു പോയതിനാല്‍ വലിയ അപകടമാണ് ഇല്ലാതായത്.
പുലര്‍ച്ചെ മൂന്നോടെയായിരുന്നു വീടുകള്‍ തകര്‍ന്നത്. അടുത്തടുത്തായി മൂന്ന് വീടുകളുടെ മുകളിലേക്കാണ് മരങ്ങള്‍ വീണത്. രണ്ടിടത്ത് ആള്‍ താമസം ഉണ്ടായിരുന്നെങ്കിലും അപായമുണ്ടായില്ല. രണ്ട് വീടുകള്‍ക്ക് ഭാഗികമായി കേട് പറ്റി. പ്രദേശത്ത് തേക്ക്, വീട്ടി, മാവ്, പ്ലാവ് ഉള്‍പ്പടെ നൂറുകണക്കിന് മരങ്ങള്‍ നിലംപതിച്ചിട്ടുണ്ട്.
നെടുപുഴ, വട്ടപ്പിന്നി, വടൂക്കര റോഡ്, ചീനിക്കല്‍ റോഡ് തുടങ്ങിയ പ്രദേശങ്ങളിലും മരങ്ങള്‍ നിലംപൊത്തി. മേഖലയിലെ ചെറിയ റോഡുകളിലേക്ക് പതിച്ച് സഞ്ചാരത്തിന് തടസമായ മരകൊമ്പുകള്‍ നാട്ടുകാര്‍ മുറിച്ചുമാറ്റി. ചുഴലി കാറ്റിന് ശേഷം രാവിലെ ഏഴരയോടെ നെടുപുഴ ഗവണ്‍മെന്‍റ് വനിതാ പോളിടെക്‌നികിന്റെ മുന്നിലെ കൂറ്റന്‍ മരം റോഡിലേക്ക് വീണത്.
ഇതുവഴിയുള്ള ഗതാഗതത്തിന് തടസമുണ്ടാക്കി. തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തടസങ്ങള്‍ നീക്കിയത്. 11 കെവി ലൈനിലേക്കാണ് മരം വീണതെന്നതിനാല്‍ ആളുകളും പരിഭ്രാന്തരായി. പ്രദേശത്തെ വൈദ്യുതി തകരാര്‍ പരിഹരിച്ചുവരുന്നതേയുള്ളൂ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam