
മാന്നാര്‍: അമ്മ മരിച്ച്പതിനാറാം നാള്‍ മകൾക്കും ദാരുണാന്ത്യം. മാന്നാര്‍ പാവുക്കര കരുവേലില്‍ പരേതനായ കുഞ്ഞുകുഞ്ഞിന്റെ മകള്‍ സൗഭാഗ്യം (51) ആണ് മരിച്ചത്. ജുലൈ മാസം 9ന് പുളി പറിക്കുവാനായി പോയ ഇവര്‍ വീടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് അപകടം സംഭവിക്കുകയായിരുന്നു.
അന്നു മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സൗഭാഗ്യം ചൊവ്വാഴ്ച്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.സൗഭാഗ്യത്തിന്റെ മാതാവ് മാന്നാര്‍ കുരട്ടിശ്ശേരിപാവുക്കര കരുവേലിച്ചിറ തോണ്ടുകുഴി വീട്ടില്‍ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ നാരായണി മരിച്ചിട്ട് 16നാള്‍ ആയിരുന്നു ഇന്ന്.
കനത്ത മഴയെ തുടര്‍ന്ന് വീടിനു ചുറ്റുപാടെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നാരായണിയുടെ മൃതദേഹം തൊട്ടടുത്ത ഹരിജന്‍ വെല്‍ഫെയര്‍ സ്‌കൂളിലാണ്‌പൊതുദര്‍ശനത്തിനു വെച്ചത്. വീടിനു സമീപം നടത്തേണ്ട സംസ്‌ക്കാരം കേരള പുലയര്‍ മഹാസഭാ ശ്മശാനത്തില്‍ നടത്തി. പാവുക്കരയിലെ വെള്ളപൊക്കം കാരണം മരണാനന്തര ചടങ്ങുകള്‍ ഇതുവരേയും നടത്തിയിട്ടില്ല. ഇന്ന് 16 ന്റെ ചടങ്ങുകള്‍ നടത്തുവാന്‍ ബന്ധുക്കൾ തയ്യാറെടുക്കുന്നതിനിടെയാണ് മകളുടെ മരണം.
വിശ്വാസപ്രകാരം അമ്മയുടെ മരണനാന്തര ചടങ്ങുകള്‍ നടത്തിയാല്‍ മാത്രമേ തുടര്‍ന്ന് കര്‍മ്മങ്ങള്‍ നടത്താന്‍ കഴിയൂ എന്നതിനാല്‍ നാരായണിയുടെ അടിയന്തരചടങ്ങുകൾ പെട്ടെന്ന് പൂർത്തിയാക്കി. ശേഷം സൗഭാഗ്യത്തിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടിലേക്ക് കൊണ്ടു വന്നു. വീടിനു സമീപം നടത്തേണ്ട സംസ്‌ക്കാരം വെള്ളപ്പൊക്കം മൂലം വള്ളത്തില്‍ കയറ്റി വൈകിട്ട് 6 മണിയോടെ കേരള പുലയര്‍ മഹാസഭാശ്മശാനത്തില്‍ നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam