
കൊച്ചി: കോളേജ് യൂണിയനുകളുടെ ചരിത്രത്തിന്‍റെ ഭാഗമായി ദയാ ഗായത്രിയും എറണാകുളം മഹാരാജാസ് കോളേജും. കോളേജ് യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയാണ് ദയ ഗായത്രി. എസ്എഫ്ഐ പാനലിലായിരുന്നു ദയയുടെ വിജയം. സംസ്ഥാനത്ത് ഏറ്റവുമധികം ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാംപസ് കൂടിയാണ് എറണാകുളം മഹാരാജാസ്.
ഒന്‍പത് ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ സാഹചര്യങ്ങള്‍ മനസിലാക്കാനും അതിന് വേണ്ടി പ്രവര്‍ത്തിക്കാനും അവരില്‍ നിന്ന് പ്രതിനിധി വേണമെന്ന ആവശ്യത്തെതുടര്‍ന്നായിരുന്നു എസ്എഫ്ഐയുടെ ചരിത്രപരമായ തീരുമാനം.
ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജന്‍ഡര്‍ ഫ്രണ്ട്ലി ശുചിമുറികള്‍ പ്രഥമപരിഗണന നല്‍കി മഹാരാജാസ് കോളേജ് യൂണിയൻ ഇതിനോടകം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കുന്നതു വഴി കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകുമെന്നും പഠിക്കാനുളള സാഹചര്യം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ദയ ഗായത്രി പറയുന്നു.
പഠനത്തിനൊപ്പം മികച്ച അഭിനേതാവ് കൂടിയാണ് ദയ. കോളേജ് ഓഡിറ്റോറിയങ്ങളിൽ തുടങ്ങി ഇന്ന് പല സംസ്ഥാനങ്ങളിലേയും നാടകവേദികള്‍ ഇതിനോടകം ദയയുടെ അഭിനയ മികവിന് സാക്ഷിയായിട്ടുണ്ട്. ദയക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും തങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇല്ലെന്നും മറ്റ് ട്രാന്‍ഡന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam