
കല്‍പ്പറ്റ: കബനി പുഴയില്‍ ഇന്നലെ ഒഴുക്കിപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി മുരളിയുടെ മൃതദേഹമാണ് രാവിലെ നടത്തിയ തെരച്ചിലില്‍ ലഭിച്ചത്. പനമരം സി എച്ച് റെസ്‌ക്യു ടീം അംഗങ്ങളും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ചങ്ങാടക്കടവ് അണക്കെട്ടിന് സമീപം 50 മീറ്ററോളം മാറിയായിരുന്നു മൃതദേഹം കിടന്നിരുന്നത്.
പുഴയില്‍ മീന്‍പിടിക്കാനെത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരാണ് ഒഴുക്കില്‍പ്പെട്ടത്. മൈസൂര്‍ സ്വദേശി കുമാറിനെ നാട്ടുകാര്‍ രക്ഷിച്ചിരുന്നു. എന്നാല്‍ മുരളിയെ കണ്ടെത്താനായിരുന്നില്ല. പാണ്ടിക്കടവില്‍ താമസിച്ച് വീട്ടുപകരണങ്ങള്‍ നിര്‍മിച്ചുവില്‍പ്പന നടത്തുന്നവരാണ് കുമാറും മുരളിയും. സുഹൃത്തായ താമരശേരി സ്വദേശി മനുവിനൊപ്പം പുഴയില്‍ മത്സ്യം പിടിക്കാനെത്തിയതായിരുന്നു ഇരുവരും.
ചങ്ങാടക്കടവ് തടയണക്ക് സമീപം മീന്‍ പിടിക്കുന്നതിനിടെ മുരളി പുഴയില്‍ വീണു. ഇതുകണ്ട് രക്ഷിക്കാനായി കുമാറും പുഴയിലേക്കിറങ്ങി. ഇതോടെ രണ്ടുപേരും ഒഴുക്കില്‍പ്പെട്ടു. കുമാറിന് തടയണയുടെ ഒരുഭാഗത്ത് പിടിച്ചുനില്‍ക്കാനായി. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam