എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ ചത്ത പാമ്പിനെ കണ്ടെത്തി; അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് റെയിൽവേ

Published : Aug 15, 2026, 09:06 AM IST
Vande bharat

Synopsis

എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരൻ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനെത്തിയ വിനു വർഗീസാണ് പരാതി നൽകിയത്. ശുചീകരണത്തിനിടെ പാമ്പിനെ കണ്ടില്ലെന്ന ജീവനക്കാരുടെ മൊഴിയെ തുടർന്ന് സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി: വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയ യാത്രക്കാരൻ സീറ്റിലിരുന്നതിന് പിന്നാലെ കണ്ടത് ചത്ത പാമ്പിനെ. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരതിന്റെ സി-6 കോച്ചിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തീവണ്ടി പുറപ്പെടുന്നതിന് മുൻപാണ് സീറ്റിൽ പാമ്പിനെ കണ്ടെത്തിയത്. വിവരം ലഭിച്ചതോടെ റെയിൽവേ ശുചീകരണത്തൊഴിലാളികൾ എത്തി പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് തീവണ്ടി പുറപ്പെട്ടത്.

എറണാകുളത്തെ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന വിനു വർഗീസ് ഭാര്യയ്ക്കും രണ്ട് വയസ്സുള്ള കുഞ്ഞിനുമൊപ്പം കോയമ്പത്തൂരിലേക്ക് പോകാനായാണ് വന്ദേഭാരതിൽ കയറിയത്. സീറ്റിലിരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ പാമ്പ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ഭയന്നെങ്കിലും പിന്നീട് പാമ്പ് ചത്തതാണെന്ന് മനസ്സിലായി. അണലി പാമ്പിന് മുകളിൽ ഭാരമുള്ള എന്തോ വെച്ചതാകാം മരണകാരണമെന്നാണ് വിനുവിന്റെ സംശയം.

തനിക്ക് മുൻപ് മറ്റൊരു യാത്രക്കാരനും പാമ്പിനെ കണ്ടിരുന്നെങ്കിലും അത് കളിപ്പാട്ടമാണെന്നാണ് കരുതിയതെന്ന് വിനു പറഞ്ഞു. സംഭവത്തിന് പിന്നാലെ ‘റെയിൽമദദ്’ പോർട്ടലിലൂടെ പരാതി നൽകി. തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി പാമ്പിനെ മാറ്റുകയായിരുന്നു. 'നമ്മൾ എന്ത് വിശ്വസിച്ചാണ് സീറ്റിലിരിക്കുക. ഇത്രയും പണം മുടക്കിയല്ലേ യാത്ര ചെയ്യുന്നത്. പുറമേ നിന്ന് ഒരാൾ കൊണ്ടുവന്നിട്ടതല്ലെന്ന് വ്യക്തമാണ്. പരാതിപ്പെട്ടപ്പോൾ റെയിൽവേ ജീവനക്കാർ വന്ന് മാപ്പെല്ലാം പറഞ്ഞു,' വിനു പറഞ്ഞു.

അതേസമയം, ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് എത്തിയ വന്ദേഭാരതായിരുന്നു ഇതെന്നും ശുചീകരണ ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് തീവണ്ടി യാത്രയ്ക്ക് തയ്യാറാക്കിയതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. വന്ദേഭാരതിലെ ശുചീകരണത്തൊഴിലാളികൾ തന്നെയാണ് സീറ്റുകളുൾപ്പെടെ വൃത്തിയാക്കുന്നത്. എന്നാൽ ശുചീകരണത്തിനിടെ പാമ്പിനെ കണ്ടിട്ടില്ലെന്നാണ് തൊഴിലാളികളുടെ വിശദീകരണം.

ശുചീകരണത്തിനിടെ പാമ്പിനെ കണ്ടെത്തിയില്ലെന്ന ജീവനക്കാരുടെ മൊഴിയാണ് സംഭവത്തിൽ റെയിൽവേയെ കുഴക്കുന്നത്. വന്ദേഭാരതിൽ പാമ്പ് എങ്ങനെ എത്തിപ്പെട്ടുവെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കൂടുതൽ വിവരങ്ങൾ വ്യക്തമാകുക. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പ് ആഘോഷകാലത്ത് കണ്ട ആവേശവും കച്ചവടത്തിരക്കുമില്ല; നിറം മങ്ങി സ്വാതന്ത്ര്യദിന വിപണി
'സ്വർണം മുഴുവനും വിറ്റ് തുലച്ചു, നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദം'; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കുടുംബം