പാലായില്‍ കാർ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുകയറി അഞ്ച് മരണം , രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

By Web TeamFirst Published Apr 7, 2019, 8:34 PM IST
Highlights

പാലാ തൊടുപുഴ റോഡിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കടനാട് സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

കോട്ടയം: പാലാ മാനത്തൂരിൽ  നിയന്ത്രണം  വിട്ട കാർ മതിലിലിടിച്ച്  മറിഞ്ഞ്  അഞ്ചു പേർ മരിച്ചു. കാറിൽ യാത്ര ചെയ്ത കടനാട് സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അന്തിനാട് സ്വദേശി പ്രഭാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കടനാട് സ്വദേശികളായ വിഷ്ണുരാജ്  ,ജോബിൻസ്  കെ  ജോർജ്ജ്, പ്രമോദ് സോമൻ, പിഴക്  സ്വദേശി  ഉല്ലാസ് , സുധി  ജോർജ്ജ് എന്നിവരാണ് മരിച്ചത്. തൊടുപുഴ-പാല പാതയിൽ  മാനത്തൂര്‍ കുരിശുപള്ളിക്ക്  സമീപം വൈകുന്നേരം 6 45നാണ് അപകടമുണ്ടായത്.  തൊടുപുഴ ഭാഗത്തു നിന്നും അമിതവേഗതയിൽ  വന്ന കാർ ആദ്യം മതിലിൽ ഇടിച്ചു. തൊട്ടടുത്തുനിന്ന മരത്തിലും കടയിലും ഇടിച്ചശേഷം കരണം മറിഞ്ഞ് റോഡിലേക്ക് കാർ വീഴുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ കാറിൽ നിന്നും തെറിച്ചുവീണ വിഷ്ണു രാജ്, ജോബിന്‍സ്,  പ്രമോദ് എന്നിവർ തൽക്ഷണം  മരിച്ചു. മറ്റ് രണ്ട് പേർ കോട്ടയം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ്  മരിച്ചത്. കാർ വെട്ടി പൊളിച്ചാണ് ഇവരെ  പുറത്തെടുത്തത്. 
സംഘം  സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി അമിത  വേഗത്തിൽ   മത്സരിച്ച്  വരികയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിച്ചു. സംഭവ  സമയം  വാഹനം  ഇടിച്ചു കയറിയ കടയിൽ തിരക്കില്ലാതിരുന്നത് വൻഅപകടം  ഒഴിവാക്കി. കടയ്ക്കും കടയോട്  ചേർന്ന വീടിനും  കേടുപാടുകള് സംഭവിച്ചിട്ടുണ്ട്. തൊടുപുഴയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തശേഷം തിരികെ വന്ന വഴിയാണ് അപകടം ഉണ്ടായത്. മൃതദേഹം നാളെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കും തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
 

 

click me!