കുടുംബത്തില്‍ പലരും കോണ്‍ഗ്രസിലുണ്ടാകാം, തന്‍റെ രാഷ്ട്രീയം തീരുമാനിക്കുന്നത് കുടുംബമല്ല: ദീപാ നിശാന്ത്

By Web TeamFirst Published Mar 26, 2019, 4:40 PM IST
Highlights

'കവിതാ മോഷണ വിവാദം ശരിവെച്ചാല്‍ തന്നെ തനിക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ട്'

ആലത്തൂര്‍: ആലത്തൂർ‌ നിയോജക മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്‍റെ പ്രചാരണത്തിനെ വിമർശിച്ചു കൊണ്ടുള്ള അധ്യാപിക ദീപാ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലായതിന് പിന്നാലെ പ്രതികരണവുമായി ദീപാ നിശാന്ത്. പി കെ ബിജു ആലത്തൂര്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കവിതാ മോഷണ വിവാദം ശരിവെച്ചാല്‍ തന്നെ തനിക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ട്. തന്‍റെ കുടുംബത്തില്‍ പലരും കോണ്‍ഗ്രസില്‍ ഉണ്ടാകാം. എന്നാല്‍ തന്‍റെ രാഷ്ട്രീയം  തീരുമാനിക്കുന്നത് കുടുംബമല്ലെന്നും ദീപ നിശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

പാട്ടിലൂടെയും വൈകാരിക പ്രസം​ഗങ്ങളിലൂടെയും ആലത്തൂരിൽ വേറിട്ട പ്രചാരണം നടത്തുന്ന രമ്യയുടെ പ്രചാരണരീതിയെ പരിഹസിച്ചു കൊണ്ടായിരുന്നു ദീപാ നിശാന്തിന്‍റെ കുറിപ്പ്. ''സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു എന്നതൊന്നുമല്ല ഇവിടെ വിഷയമാക്കേണ്ടത്. അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണ'മെന്നുമായിരുന്നു ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്.  രമ്യ ജയിച്ചാൽ പാർലമെന്‍റിലെത്തുന്ന ആദ്യത്തെ ദളിത് എംപി ആയിരിക്കുമെന്ന അനിൽ അക്കര എംഎൽഎയുടെ വാദത്തെയും ദീപ വിമർശിച്ചിരുന്നു. ദീപാ നിശാന്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ‌ രം​ഗത്തെത്തിയിരുന്നു.


 

click me!