
പാലക്കാട്: നാടുകടത്തിയ കാപ്പ കേസ് പ്രതി നിയമം ലംഘിച്ച് ഭാര്യക്കൊപ്പം താമസിക്കുന്നതിനിടെ പിടിയിൽ. ഒൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് അയിലൂ൪ തിരുഴിയാട് സ്വദേശി സാബിക്കിനെയാണ് നെന്മാറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലത്തൂരിൽ വാടകയ്ക്ക് വീടെടുത്ത് ഭാര്യക്കൊപ്പം താമസിക്കുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലേക്ക് പ്രവേശന വിലക്കേ൪പ്പെടുത്തിയാണ് നാടുകടത്തിയത്.
ജാമ്യവ്യവസ്ഥ ലംഘനം, 50000 രൂപ പിഴയീടാക്കി കോടതി
തിരുവനന്തപുരത്തെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിക്ക് 50000 രൂപ പിഴ ഈടാക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. മുട്ടത്തറ പള്ളിത്തെരുവ് സ്വദേശി ഷമീറിനാണ് (30) പിഴ വിധിച്ചത്.
നിരവധി കേസുകളിലെ പ്രതിയായ ഇയാൾ കോടതിയിൽ നിന്നും ജാമ്യം എടുത്താണ് പുറത്തിറങ്ങിയത്. എന്നാൽ പിന്നാലെ ജാമ്യം വ്യവസ്ഥ ലംഘിച്ച് അക്രമം, അടിപിടി, നരഹത്യാശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി പൂന്തുറ പൊലീസ് റിപ്പോർട്ട് നൽകി. റിപ്പോർട്ട് പരിഗണിച്ചാണ് കോടതി പിഴയീടാക്കിയത്.
മദ്യപാനത്തിനിടെ സുഹൃത്തിനെ ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലടക്കം പൂന്തുറ പൊലീസ് നടപടിയെടുത്തിരുന്നു. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്. ജനുവരിയിൽ മറ്റൊരു കേസിൽ റിമാൻഡിലായ പ്രതി ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷമാണ് ഏപ്രിലിൽ വീണ്ടും കേസിൽ പ്രതിയാകുന്നത്. ഇതെല്ലാം ചേർത്ത റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.