
കൊച്ചി: സർവീസ് കരാർ ഉണ്ടായിരുന്നിട്ടും കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്ന വാട്ടർ പ്യുരിഫയർ റിപ്പയർ ചെയ്യാത്തത് സേവനത്തിലെ ന്യൂനതയാണെന്ന ഉപഭോക്താവിന്റെ പരാതിയിൽ നഷ്ട പരിഹാരവും കോടതി ചെലവും നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. യൂറേക്ക ഫോർബ്സ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ എറണാകുളം, കോതമംഗലം സ്വദേശി അജീഷ് കെ. ജോൺ നൽകിയ പരാതിയിലാണ് ഉത്തരവ്.
കുടിവെള്ളം ശുദ്ധികരണത്തിനുള്ള ‘ഡോ. അക്വാഗാർഡ് മാഗ്‌നാ യു.വി' വാട്ടർ പ്യൂരിഫയർന്റെ വാർഷിക സർവീസ് കരാർ (AMC) പൂർണമായി പാലിക്കാതിരുന്നതും ഉപഭോക്താവിന്റെ പരാതികൾ അവഗണിച്ചതും മൂലം യൂറേക്കാ ഫോർബ്സ് ലിമിറ്റഡ് കമ്പനി ഉപഭോക്തൃ അവകാശലംഘനമാണ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.
ഉപഭോക്താവിന് സേവനം നിഷേധിച്ചതും പരാതികൾക്ക് മറുപടി നൽകാതിരുന്നതും സർവീസ് റദ്ദാക്കിയതും അന്യായമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഉപഭോക്താവിന് ഉണ്ടായ മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് 25,000 രൂപയും കൂടാതെ 5,000 രൂപ കോടതി ചെലവായും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam