കൊമ്പുകള്‍ തീര്‍ത്ത തടവറയില്‍ നിന്ന് മോചനം; ജയരാജിന്‍റെ ദുരിത ജീവിതത്തിന് അവസാനം

By Web TeamFirst Published Feb 24, 2019, 9:57 AM IST
Highlights

കൊമ്പ് വളർന്ന് തുമ്പിക്കൈ ഉയർത്താനാകാത്ത അവസ്ഥയിലായിരുന്നു ജയരാജുണ്ടായിരുന്നത്. ഭക്ഷണം കഴിയ്ക്കാനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമായിരുന്നു. കൊമ്പുകളിൽ ഉരസി തുമ്പിക്കൈ മുറിഞ്ഞ് വേദനയും സഹിച്ചായിരുന്നു ജയരാജിന്‍റെ ജീവിതം. 

തിരുവല്ല:  നീണ്ട് വളര്‍ന്ന കൊമ്പ് മൂലം ദുരിതം അനുഭവിച്ച തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ആന ജയരാജിന് സുഖ ചികിത്സ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഇടപെടലിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ജയരാജിന്റെ  കൊമ്പ് മുറിക്കൽ. 22 വയസുള്ള ഗജരാജരൻ ജയരാജിന് കൊമ്പുകളായിരുന്നു പ്രശ്നം. കൊമ്പ് വളർന്ന് തുമ്പിക്കൈ ഉയർത്താനാകാത്ത അവസ്ഥയിലായിരുന്നു ജയരാജുണ്ടായിരുന്നത്.

ഭക്ഷണം കഴിയ്ക്കാനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമായിരുന്നു. കൊമ്പുകളിൽ ഉരസി തുമ്പിക്കൈ മുറിഞ്ഞ് വേദനയും സഹിച്ചായിരുന്നു ജയരാജിന്‍റെ ജീവിതം. ക്ഷീണിതനായ ജയരാജിന്‍റെ പ്രശ്നം ആനപ്രേമികൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ദേവസ്വം ബോർഡ് ഇടപെട്ടത്. വലത്തേ കൊമ്പ് ഒരടിയോളം നീളത്തിൽ ആദ്യം മുറിച്ചുനീക്കി. രക്തം വരുന്നില്ലായെന്ന് ഉറപ്പുവരുത്തിയശേഷം വാളുകൊണ്ടും പിന്നീട് ഉളികൊണ്ടും ചെത്തിമിനുക്കൽ.

ആനയെ കെട്ടിയിടുന്ന സ്ഥലത്തെ മാലിന്യം നീക്കം ചെയ്യാനും ദേവസ്വം ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. മുറിച്ചുമാറ്റിയ കൊമ്പിന്‍റെ അളവെടുത്ത് റിപ്പോർട്ടും തയാറാക്കി. രണ്ടുമണിക്കൂര്‍ കൊണ്ട് രണ്ട് കൊമ്പും മുറിച്ച് മാറ്റിയതോടെ ജയരാജിന്‍റെ വര്‍ഷങ്ങളായുള്ള ദുരിത ജീവിതമാണ് അവസാനിച്ചത്

 

click me!