കടകംപള്ളിക്ക് പ്രസാദം നല്‍കിയില്ല, മേല്‍ശാന്തിക്ക് സസ്പെന്‍ഷന്‍; സാമ്പത്തിക ക്രമക്കേടുമുണ്ടെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍

Published : Mar 16, 2019, 03:19 PM ISTUpdated : Mar 16, 2019, 03:30 PM IST
കടകംപള്ളിക്ക് പ്രസാദം നല്‍കിയില്ല, മേല്‍ശാന്തിക്ക് സസ്പെന്‍ഷന്‍; സാമ്പത്തിക ക്രമക്കേടുമുണ്ടെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍

Synopsis

ശ്രീജേഷ് നമ്പൂതിരിക്കെതിരെ കഴിഞ്ഞ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉത്സവാഘോഷ കമ്മിറ്റിയില്‍ നിന്ന് 40 ലെറ്റര്‍ ഹെഡുകള്‍ കൈപ്പറ്റിയിരുന്നെങ്കിലും ശേഖരിച്ച പണമോ വാങ്ങിയ ലെറ്റര്‍ ഹെഡുകളോ തിരികെ നല്‍കിയില്ലെന്നായിരുന്നു ഇവരുടെ പരാതി. 

കല്‍പ്പറ്റ: മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന ശ്രീജേഷ് നമ്പൂതിരിയെ സസ്പെന്‍റ് ചെയ്തതതിന് പിന്നില്‍ നിരവധി കാരണങ്ങളെന്ന് വള്ളിയൂര്‍ക്കാവ്  ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ എം. മനോഹരന്‍ . കഴിഞ്ഞ വര്‍ഷം  ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം സന്ദര്‍ശിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രസാദം നല്‍കാഞ്ഞത് വിവാദമായിരുന്നു. സസ്പെന്‍ഷന്‍ കത്തിലും മന്ത്രിക്ക് പ്രസാദം നല്‍കാത്തതാണ് കുറ്റമായി കാണിച്ചിരിക്കുന്നത്. എന്നാല്‍ ശ്രീജേഷ് നമ്പൂതിരിക്കെതിരെ നിരവധി പരാതികള്‍ ഉണ്ടെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ്  അധികൃതര്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. ഈ മാസം എട്ടിനാണ് ശ്രീജേഷിനെ സസ്പെന്‍ഡ് ചെയ്തത്. 

ശ്രീജേഷ് നമ്പൂതിരിക്കെതിരെ കഴിഞ്ഞ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉത്സവാഘോഷ കമ്മിറ്റിയില്‍ നിന്ന് 40 ലെറ്റര്‍ ഹെഡുകള്‍ കൈപ്പറ്റിയിരുന്നെങ്കിലും ശേഖരിച്ച പണമോ വാങ്ങിയ ലെറ്റര്‍ ഹെഡുകളോ തിരികെ നല്‍കിയില്ലെന്നായിരുന്നു ഇവരുടെ പരാതി. ഇതിന് പുറമെ വിശ്വാസികള്‍ വഴിപാടായി നല്‍കിയ പട്ടുസാരികളും മറ്റും ശ്രീജേഷ് അധികൃതരെ ഏല്‍പ്പിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. സാരിയോടൊപ്പം വഴിപാടായി സ്വര്‍ണവും മറ്റും നല്‍കിയിട്ടുണ്ടാവുമെന്നും ഇക്കാര്യവും അന്വേഷിക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെടുന്നു. 

മേല്‍ശാന്തിയായിരുന്ന  ശ്രീജേഷിനെതിരെ ഭക്തജനസമിതിയും പ്രദേശത്തെ ഗോത്ര വിഭാഗത്തില്‍പെട്ടവരും രംഗത്തെത്തിയിട്ടുണ്ട്. ശ്രീജേഷ് നടത്തിയ സാമ്പത്തിക ക്രമക്കേടിനെ സംബന്ധിച്ച് വ്യക്തമായ തെളിവ് ദേവസ്വം അധികൃതര്‍ക്ക് ലഭിച്ചതയാണ് സൂചന. ലഭിച്ച പരാതികള്‍ ദേവസ്വം ബോര്‍ഡ് അന്വേഷിച്ചതിന് ശേഷമാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ കമ്മിഷണര്‍ നിര്‍ദേശിച്ചത്. ശാന്തിയുടെ നിയന്ത്രണത്തിലുള്ള എല്ലാ സാധനങ്ങളും പുതുതായി ചുമതലയേല്‍ക്കുന്ന ശാന്തിക്കാരന് നല്‍കണമെന്നും നോട്ടീസിലുണ്ട്. 

വള്ളിയൂര്‍ക്കാവ് ഭഗവതി ദേവസ്വം നല്‍കിയ നോട്ടീസ് ആദ്യം കൈപ്പറ്റാന്‍ ശ്രീജേഷ് നമ്പൂതിരി തയ്യാറായിരുന്നില്ല. പിന്നീട് പരാതികളില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന അറിവിനെ തുടര്‍ന്ന് ശ്രീകോവിലിന്‍റെ താക്കോല്‍ തിരിച്ചേല്‍പ്പിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. പുതുമന ഇല്ലം ഗോവിന്ദന്‍ ന്നമ്പൂതിരിക്കാണ് ഇപ്പോള്‍ ക്ഷേത്രം ശാന്തിയുടെ ചുമതല നല്‍കിയിട്ടുള്ളത്. 126 ഓളം പട്ടുസാരികളും 20 ഓളം എണ്ണപ്പാട്ടുകളും ശ്രീകോവിലിന്‍റെ അകത്ത് അലക്ഷ്യമായിട്ട നിലയിലായിരുന്നു. അതേ സമയം മന്ത്രിക്ക് പ്രസാദം നല്‍കാത്തത് മാത്രമല്ല നടപടിക്ക് കാരണമെന്ന് മറ്റ് നിരവധി പരാതികളും ഇദ്ദേഹത്തിനെതിരായി ലഭിച്ചിട്ടുണ്ടെന്നും വള്ളിയൂര്‍ക്കാവ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം. മനോഹരന്‍ പറഞ്ഞു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളീയം വികെ മാധവൻ കുട്ടി മാധ്യമപുരസ്കാരം; ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കെ എം ബിജുവിന്, നേട്ടം ദൃഷാനയെക്കുറിച്ചുള്ള റിപ്പോർട്ടിന്
വീട്ടിൽ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം; കത്രിക ഉപയോഗിച്ച് വയോധികയുടെ സ്വർണ്ണവള മുറിച്ചെടുത്തു