കാട്ടാനയെ പേടിച്ച് പാറപ്പുറത്ത് കഴിയുന്ന അമ്മയ്ക്കും മകനും താങ്ങായി ദേവികുളം എംഎൽഎ

By Web TeamFirst Published Sep 15, 2021, 8:11 PM IST
Highlights

ഇവരെ മറ്റൊരു വീടുകണ്ടെത്തി താല്‍ക്കാലികമായി ഇവിടേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. ഭക്ഷണത്തിനടക്കമുള്ള പലചരക്ക് സാധനങ്ങളും എം എല്‍ എ സ്വന്തം ചിലവില്‍ വാങ്ങി നല്‍കി.

ഇടുക്കി: കാട്ടാനയെ പേടിച്ച് കാടിന് നടുവില്‍ പാറപ്പുറത്ത് കുടില്‍ കെട്ടി ഓട്ടിസം ബാധിച്ച മകനുമായി കഴിയുന്ന ക്യാന്‍സര്‍ രോഗിയായ ആദിവാസി വീട്ടമ്മയ്ക്ക് കൈത്താങ്ങായി ഇടുക്കി ദേവികുളം എം എല്‍ എ അഡ്വ. എ രാജ. കാട്ടില്‍ നേരിട്ടെത്തി ഇവരെ സുരക്ഷിതമായ വീട്ടിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. കൂടാതെ ജനവാസമേഖലയില്‍ സ്ഥലവും വീടും നല്‍കുന്നതിനും എം എല്‍ എയുടെ ഇടപെടലില്‍ നടപടിയായി.വിമല നാളുകളായി ഈ പാറപ്പുറത്താണ് ഓട്ടിസം ബാധിച്ച മകനുമായി കഴിയുന്നത്. 

ചിന്നക്കാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ പതിച്ച് കിട്ടിയ സ്ഥലത്ത് കാട്ടാന താവളമാക്കിയതോടെ ജീവന്‍ രക്ഷിക്കാനായിട്ടാണ് പലരുടേയും സഹായത്തോടെ ഈ കൂറ്റന്‍ പാറയുടെ പുറത്ത് കുടില്‍ക്കെട്ടി താമസം തുടങ്ങിയത്. ഭക്ഷണത്തിന് പോലും വകയില്ലാതെ മകനുമായി ദുരിത ജീവിതം നയിക്കുന്ന വിമലയുടെ വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തിലാണ് എംഎല്‍എ ഇവരെ തേടി കാടിന് നടുവിലെ  കുടിലിലെത്തിയത്. 

ഇവര്‍ക്ക് ആളുകളുള്ള മറ്റൊരിടത്ത് സ്ഥലം നല്‍കുന്നതിനും ലൈഫ് ഭവന പദ്ധതിയില്‍ വീട് നല്കുന്നതിനും നടപടി സ്വീകരിച്ചു. ആശുപത്രി ചികിത്സയ്ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്നും എംഎല്‍എ രാജ പറഞ്ഞു. തുടര്‍ന്ന് ഇവരെ മറ്റൊരു വീടുകണ്ടെത്തി താല്‍ക്കാലികമായി ഇവിടേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. ഭക്ഷണത്തിനടക്കമുള്ള പലചരക്ക് സാധനങ്ങളും എം എല്‍ എ സ്വന്തം ചിലവില്‍ വാങ്ങി നല്‍കി. എസ് സി പ്രമോട്ടറുടേയും പൊതു പ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് താല്‍ക്കാലിക വീടൊരുക്കിയത്. മറ്റ് നടപടികള്‍ എല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി വിമലയ്ക്ക് സുരക്ഷിതമായ വീട് ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും എം എല്‍ എ ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.

click me!