
തിരുവനന്തപുരം: വീട്ടിലേക്ക് മടങ്ങുന്ന വഴി സംസ്ഥാന പൊലീസ് മേധാവിയുടെ ഭാര്യ ഗതാഗത കുരുക്കിൽപ്പെട്ടതിന് അസിസ്റ്റന്റ് കമ്മീഷണർമാർക്കും രണ്ടു സർക്കിൾ ഇൻസ്പെക്ടർമാർക്കും അർധരാത്രി വരെ നിൽപ്പ് ശിക്ഷയും ശകാരവും. ട്രാഫിക്ക് സൗത്ത് കമ്മീഷണർ, കണ്‍ട്രോള്‍ റൂം അസി.കമ്മീഷണർ, നാർക്കോട്ടിക് സെൽ അസി.കമ്മീഷണർ, രണ്ട് സിഐമാർ എന്നിവരെയാണ് പൊലീസ് ആസ്ഥാനത്ത് അര്‍ധരാത്രിവരെ നിര്‍ത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് വിവാദമായ സംഭവം. കഴക്കൂട്ടം ടെക്‌നോപാർക്കിലെ ഒരു സ്ഥാപനത്തിലെ എച്ച്ആര്‍ വിഭാഗം മേധാവിയാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഭാര്യ.
ഗവർണറുടെ വാഹനം ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി ബൈപ്പാസിലും പേട്ട-ചാക്ക റോഡിലും പത്തുമിനിട്ടോളം വാഹനങ്ങള്‍ പൊലീസ് തടഞ്ഞിരുന്നു. ഈ സമയം ഓഫീസില്‍ നിന്ന് കാറിൽ വരുകയായിരുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഭാര്യയും കുരുക്കിൽപ്പെട്ടു. ഗതാഗതക്കുരുക്കറിഞ്ഞ് ക്ഷുഭിതനായ ഡിജിപി ട്രാഫിക്ക് സൗത്ത് കമ്മീഷണർ, കണ്‍ട്രോള്‍ റൂം അസി.കമ്മീഷണർ, നാർക്കോട്ടിക് സെൽ അസി.കമ്മീഷണർ, രണ്ട് സിഐമാർ എന്നിവരെ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. രാത്രി എട്ടു മണിമുതൽ 11മണിവരെ ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് നിര്‍ത്തി.
ഉദ്യോഗസ്ഥരെ ശകാരിച്ച ഡിജിപി പിന്നാലെ കമ്മീഷണറെയും വിളിച്ചുവരുത്തി. കണ്ണമ്മൂലയും ബൈപ്പാസിലും ജലഅതോററ്റിയുടെ ജോലികള്‍ ഒരാഴ്ച മുമ്പേ തുടങ്ങുന്നതിനാൽ ഗാതഗതനിയന്ത്രണം വേണമെന്ന് പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. എന്നിട്ടും ട്രാഫിക്ക് ജോലിയുണ്ടായിരുന്നവർ ഇക്കാര്യം വേണ്ടത്ര ജാഗ്രതയോടെ നോക്കിയില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിയെ അറിയിച്ചത്.
ഇതോടെ ചുമതയുണ്ടായിരുന്ന ട്രാഫിക് അസി.കമ്മീഷണർക്കും സിഐക്കെതിരെ നടപടിക്കും ഡിജിപി നിർദ്ദേശിച്ചു. അന്വേഷണം കഴിയുന്നതുവരെ ജോലിയിൽ നിന്നും മാറി നിൽക്കാൻ അസി.കമ്മീഷണർക്ക് നിർദ്ദേശവും നൽകി. എന്നാൽ ഇക്കാര്യങ്ങളെല്ലാം പൊലീസ് ആസ്ഥാനം നിഷേധിച്ചിരിക്കുകയാണ്. ഗതാഗതക്കുരുക്കിനെ കുറിച്ച് ചർച്ച ചെയ്യാൻ ഈ ഞായറാഴ്ച ഡിജിപി വിളിച്ചുള്ള യോഗത്തിനു മുന്നോടയിയാണ് ഉദ്യോഗസ്ഥരെ ഡിജിപി വിളിപ്പിച്ചുവെന്നാണ് പൊലീസ് ആസ്ഥാനത്തിൻറെ വിശദീകരണം.
എന്നാല്‍ രാത്രിയിൽ സംഭവം അറിഞ്ഞ പൊലീസ് ഓഫീസർമാരുടെ സംഘടന നേതാക്കളും മറ്റും ഇടപെട്ട് അനുനയിപ്പിച്ച ശേഷമാണ് ആറു ഉദ്യോഗസ്ഥർക്കും ശിക്ഷയിൽ ഇളവ് ലഭിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം നടപടി കൈക്കൊണ്ട സംസ്ഥാന പൊലീസ് മേധാവിയുടെ നീക്കത്തിനെതിരെ പൊലീസുകാർക്കിടയിൽ തന്നെ അമർഷം ഉയർന്നിട്ടുണ്ട്. ഗവർണറുടെ വാഹനം കടന്നു പോകാൻ വഴിയൊരുക്കിയില്ലെങ്കില്‍ വാഹനം ഗതാഗത കുരുക്കിൽപെടുകയും അത് പരിഹരിക്കാൻ ഉദ്യോഗസ്ഥർ കാര്യക്ഷമമായി നടപടി സ്വീകരിക്കാതെ കൃത്യവിലോപം നടത്തിയെന്ന് പരാതി ഉയരാനും സാധ്യതയുള്ളതിനാലാണ് ഗതാഗതം നിയന്ത്രിച്ചതെന്ന് പൊലീസുകാര്‍ പറയുന്നത്.
അതേസമയം നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനും പരിഹാരം കാണുന്നതിനുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ നവംബര്‍ 24 ഞായറാഴ്ച രാവിലെ 11 മണിക്ക് നന്ദാവനം എ ആര്‍ ക്യാമ്പിൽ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ താല്‍പര്യമുളള റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഡ്രൈവര്‍മാര്‍, സ്കൂള്‍ അധികൃതർ, വ്യാപാരസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിങ്ങനെ സമൂഹത്തിന്‍റെ വിവിധ തുറകളിലുളളവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. പരിപാടിയില്‍ ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍ നവംബര്‍ 21 ന് അഞ്ച് മണിക്ക് മുമ്പായി dgp.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam