പെട്ടിമുടി ദുരന്തത്തിനിടെ മരിച്ച ധനുഷ്കയുടെ 'കൂട്ടുകാരി കുവി' അമ്മയായി, മൂന്ന് കുട്ടികൾ

By Web TeamFirst Published Jul 9, 2021, 5:01 PM IST
Highlights

പെട്ടിമുടി ദുരിതത്തിൽ ജീവൻ പൊലിഞ്ഞ ധനുഷ്കയ്ക്ക് ഒരു കൂട്ടുകാരിയുണ്ടായിരുന്നു. പേര് കുവി. അതെ, അന്ന് പെട്ടിമുടി ദുരന്തത്തിന് ശേഷം ദേശീയ മാധ്യമങ്ങൾ വരെ വാർത്തയാക്കിയ കുഞ്ഞു നായ 'കുവി' തന്നെ.

ചേർത്തല: പെട്ടിമുടി ദുരിതത്തിൽ ജീവൻ പൊലിഞ്ഞ ധനുഷ്കയ്ക്ക് ഒരു കൂട്ടുകാരിയുണ്ടായിരുന്നു. പേര് കുവി. അതെ, അന്ന് പെട്ടിമുടി ദുരന്തത്തിന് ശേഷം ദേശീയ മാധ്യമങ്ങൾ വരെ വാർത്തയാക്കിയ കുഞ്ഞു നായ 'കുവി' തന്നെ. അന്ന് ഏറെ തിരഞ്ഞിട്ടും കാണാതിരുന്ന കുരുന്നിനെ, കുവിയുടെ കൂട്ടുകാരി ധനുഷ്കയെ കണ്ടെത്തിയത് കുവി തന്നെ ആയിരുന്നു. തന്റെ പ്രിയ കൂട്ടുകാരി ധനുഷ്കയും പോയതോടെ അനാഥയായ കുവിയെ അന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഏറ്റെടുക്കുകയായിരുന്നു.

അന്ന് മൂന്നാറിലെ ദുരന്തഭൂമിയില്‍ നിന്നും ചേര്‍ത്തലയുടെ തണലിലേക്കെത്തിയ കുവി ഇന്ന് മൂന്നുമക്കളുടെ അമ്മയായി. ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിൽ നിന്നും രണ്ടാഴ്ചമുമ്പ് ചേര്‍ത്തലയിലേക്കെത്തിയ കുവി കഴിഞ്ഞ ദിവസമാണ് പ്രസവിച്ചത്. 

എട്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കുവി തന്നെ കണ്ടെത്തി, ചേതനയറ്റ തന്റെ കളിക്കൂട്ടുകാരിയെ

ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകന്‍ ചേര്‍ത്തല നഗരസഭ 12-ാം വാര്‍ഡ് കൃഷ്ണ കൃപയില്‍ അജിത്ത് മാധവനായിരുന്നു കുവിയെ കടമ്പകള്‍ കടന്ന് സ്വന്തമാക്കി ചേര്‍ത്തലയിലെത്തിച്ചത്. ദുരന്തശേഷം കുവിയുടെ സംരക്ഷണം പൊലീസ് ഏറ്റെടുത്തിരുന്നെങ്കിലും ധനുഷ്‌കയുടെ മൂന്നാറിലെ ബന്ധുക്കള്‍ പിന്നീടു കുവിയെ പൊലീസില്‍ നിന്നും തിരികെ വാങ്ങിയിരുന്നു. 

എന്നാല്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അവശതയായ കുവിയെ പരിചിരിക്കുന്നതു ബുദ്ധിമുട്ടായതോടെയാണ് ഇവര്‍ നായയെ രേഖാമൂലം അജിത്തിനു കൈമാറിയത്. ദുരന്ത സ്ഥലത്തുനിന്നും കുവിയെ ഇണക്കി പരിചരിച്ചതും പൊലീസ് സംരക്ഷണത്തില്‍ നോക്കിയിരുന്നതും അജിത്തായിരുന്നു. കൃഷ്ണകൃപ വീട്ടില്‍ പ്രത്യേകമൊരുക്കിയ കൂട്ടിലാണ് കുവിയും മൂന്നു നായകുട്ടികളും. 

പൊലീസ് സരംക്ഷണയിലായ ഘട്ടത്തില്‍ കുവിക്കു പരിശീലനം തുടങ്ങിയിരുന്നു. പ്രസവത്തിന്റെ ആകുലതകള്‍ പിന്നിട്ടാല്‍ പരിശീലനം നല്‍കുന്നത് തുടരാനാണ് അജിത്തിന്റെ തീരുമാനം. വിദേശ ഇനത്തിലുള്ള ആറു നായകള്‍ നിലവില്‍ അജിത് വളർത്തുന്നുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!