175 വര്‍ഷം പഴക്കമുള്ള കെട്ടിടം, ഏതു നിമിഷവും അപകടമുണ്ടാകാവുന്ന അവസ്ഥ, ഒടുവില്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിക്ക് മോചനം

Published : Jun 16, 2026, 03:35 PM IST
court

Synopsis

ഏകദേശം 175 വർഷം പഴക്കമുള്ളതും അതീവ ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് ഒടുവിൽ മോചനം.  

ഏതു നിമിഷവും അപകടമുണ്ടാകാവുന്ന ജീര്‍ണാവസ്ഥ, ഒടുവില്‍ ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മോചനം

തൃശൂര്‍: ഏതു നിമിഷവും അപകടമുണ്ടാകാവുന്ന ജീര്‍ണാവസ്ഥയിലുള്ള പഴയ കെട്ടിടത്തില്‍നിന്ന് ഒടുവില്‍ ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മോചനം. കഴിഞ്ഞ ദിവസം മുതല്‍ കോടതി പ്രവര്‍ത്തനം ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനിലെ കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിലേക്ക് മാറ്റി. ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് വര്‍ഷങ്ങളായുള്ള അനിശ്ചിതത്വത്തിന് വിരാമമായത്. ഏകദേശം 175 വര്‍ഷം പഴക്കമുള്ള കച്ചേരിവളപ്പിലെ കെട്ടിടത്തിലാണ് ഇതുവരെ കോടതി പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കത്താല്‍ കെട്ടിടം അതീവ ജീര്‍ണാവസ്ഥയിലായിരുന്നുവെന്നും നിരവധി ഭാഗങ്ങളില്‍ തകര്‍ച്ചാ ഭീഷണി നിലനിന്നിരുന്നുവെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.

മേല്‍ക്കൂര പൂര്‍ണമായും ചോര്‍ന്നൊലിക്കുന്നതിനാല്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് താത്കാലികമായി മൂടിയാണ് കോടതി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയിരുന്നത്. 2014 ല്‍ കച്ചേരിവളപ്പിലുണ്ടായിരുന്ന മറ്റ് കോടതികളും ട്രഷറിയും താലൂക്ക് ഓഫീസും ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മാത്രം പഴയ കെട്ടിടത്തില്‍ തുടരുകയായിരുന്നു.

ഇതിനിടെ കെട്ടിടസമുച്ചയത്തിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നുവീഴുകയും സുരക്ഷാ ആശങ്കകള്‍ ശക്തമാവുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് കോടതിയോട് ചേര്‍ന്ന് നിന്നിരുന്ന കൂറ്റന്‍ വാകമരം കടപുഴകി വീണ് അഞ്ച് വാഹനങ്ങള്‍ തകര്‍ന്ന സംഭവവും ആശങ്ക വര്‍ധിപ്പിച്ചിരുന്നു. കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ജെയിംസ് അവറാന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കമ്മീഷന്‍ ജില്ലാ ഭരണകൂടത്തോട് അടിയന്തര റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് മുകുന്ദപുരം തഹസില്‍ദാര്‍ മുഖേന ഇരിങ്ങാലക്കുട വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ നിലവിലെ കെട്ടിടം തകര്‍ച്ചാ ഭീഷണിയിലാണെന്ന് കണ്ടെത്തി.

റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഗാന്ധിഗ്രാമിലുള്ള ബി.എസ്.എന്‍.എല്‍. കെട്ടിടത്തില്‍ താല്‍കാലികമായി കോടതി പ്രവര്‍ത്തനം മാറ്റാമെന്ന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും പുതിയ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ അതിന് വേണ്ടിവരുന്ന ചെലവ് പാഴ്‌ചെലവാകുമെന്ന വിലയിരുത്തലുണ്ടായി. ഇതിനിടെയാണ് ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്‍ സിവില്‍ സ്റ്റേഷനിലെ കോടതി സമുച്ചയത്തിനുള്ളിലെ ലഭ്യമായ സ്ഥലം ഉപയോഗപ്പെടുത്താമെന്ന നിര്‍ദേശം ഹൈക്കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഈ നിര്‍ദേശം പരിഗണിച്ച ഹൈക്കോടതി, കോടതി പ്രവര്‍ത്തനം മൂന്നാം നിലയിലേക്ക് മാറ്റുന്നതിന് അനുമതി നല്‍കുകയായിരുന്നു. പുതിയ സ്ഥലത്തേക്ക് മാറുന്നതോടെ കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായ സാഹചര്യത്തില്‍ കോടതി പ്രവര്‍ത്തനം മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രണയം നിരസിച്ച 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയില്‍
സ്വര്‍ണ പ്രഭയില്‍ മനം നിറഞ്ഞ് ഭക്തർ; ഗുരുവായൂര്‍ ക്ഷേത്രത്തിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികള്‍ തെളിഞ്ഞു