മകൾ കരൾ പകുത്തു നൽകിയിട്ടും ദിലീപ് മരണത്തിന് കീഴടങ്ങി

By Web TeamFirst Published May 25, 2021, 10:13 AM IST
Highlights

മകൾ കരൾ പകുത്തു നൽകിയിട്ടും  പിതാവ് മരണത്തിനു കീഴടങ്ങി. കുമാരപുരം എരിക്കാവ് മംഗലശേരി കാട്ടിൽ വീട്ടിൽ ദിലീപ് കുമാർ (51) ആണ്  ലിവർ സിറോസിസ് രോഗം ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ഹരിപ്പാട്:  മകൾ കരൾ പകുത്തു നൽകിയിട്ടും  പിതാവ് മരണത്തിനു കീഴടങ്ങി. കുമാരപുരം എരിക്കാവ് മംഗലശേരി കാട്ടിൽ വീട്ടിൽ ദിലീപ് കുമാർ (51) ആണ്  ലിവർ സിറോസിസ് രോഗം ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

രോഗം മൂർച്ഛിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ദിലീപ് കുമാറിന് അടിയന്തരമായി കരൾ മാറ്റി വച്ചെങ്കിൽ മാത്രമേ ജീവൻ രക്ഷിക്കാൻ കഴിയു എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. ഇതേതുടർന്നാണ് ദിലീപിന്റെ ഇരുപത്തിയൊന്നുകാരിയായ മകൾ അഭിരാമി കരൾ പകുത്തു നൽകാൻ സന്നദ്ധയായത്.

അതോടൊപ്പം തന്നെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരു വൻ തുക വേണ്ടിയിരുന്നു. ഈ തുക കണ്ടെത്താൻ കുമാരപുരത്തെ ജനപ്രതിനിധികളും പൊതു പ്രവർത്തകരും ചേർന്ന് ദിലീപ് കുമാർ ജീവൻ രക്ഷാ സമിതിക്ക് രൂപം നൽകി. തുടർന്ന് സമിതിയുടെ നേതൃത്വത്തിൽ  നാടൊന്നിച്ചു നടത്തിയ പ്രയത്നതിലൂടെയാണ് 35 ലക്ഷത്തോളം രൂപ സമാഹരിച്ചത്. 

ഏപ്രിൽ ഒമ്പതിന് ആയിരുന്നു ശസ്ത്രക്രിയ.  ശാസ്ത്രക്രിയ വിജയമായപ്പോൾ നാടോന്നാകെ ആഹ്ളാദത്തിലായിരുന്നു. എന്നാൽ, ജീവിതത്തിലേക്കുള്ള മടക്കയാത്രയിൽ ഹൃദയസ്തഭനത്തെ തുടർന്ന ആശുപത്രിയിൽ മരിച്ചെന്ന വാർത്ത നാടിനെ ഒന്നാകെ നൊമ്പരത്തിലാഴ്ത്തി. കുമാരപുരം
 സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു മരിച്ച ദിലീപ് കുമാർ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!