മാലിന്യം നിറഞ്ഞ് വേമ്പനാട്ട് തീരം: 25 വർഷത്തിനിടക്ക് കായൽ ചുരുങ്ങിയത് മൂന്നിലൊന്നായി

By Web TeamFirst Published May 16, 2019, 9:20 PM IST
Highlights

വേമ്പനാട്ട് കായലിലേക്ക് മാലിന്യം ഒഴുക്കുന്നില്ലെന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന നിർദേശം കാറ്റിൽ പറത്തി. കായലിലെ മാലിന്യം നീക്കാൻ പഞ്ചായത്ത് പോലും നടപടി തുടങ്ങിയിട്ടില്ല

കൊച്ചി: വേമ്പനാട്ട് തണ്ണീർത്തട സംരക്ഷണം സംബന്ധിച്ച നിയമസഭാ സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ നഗ്നമായ ലംഘനമാണ് വല്ലാർപാടത്ത് നടക്കുന്നത്. വേമ്പനാട്ട് കായലിലേക്ക് മാലിന്യം ഒഴുക്കുന്നില്ലെന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന നിർദേശം കാറ്റിൽ പറത്തി. കായലിലെ മാലിന്യം നീക്കാൻ പഞ്ചായത്ത് പോലും നടപടി തുടങ്ങിയിട്ടില്ല.

അന്താരാഷ്ട്ര പ്രാധാന്യമുള്ള 2122 തണ്ണീർത്തടങ്ങളെകുറിച്ചുള്ള റാംസർ ഉടമ്പടിയിൽ അതീവ പ്രാധാന്യത്തിലാണ് വേമ്പനാട്ട് കായൽ പരാമർശിക്കുന്നത്. ഒരു തരത്തിലുമുള്ള കയ്യേറ്റമോ നികത്തലോ പാടില്ലെന്നാണ് റാംസർ ഉടമ്പടിയിലെ വ്യവസ്ഥ. എന്നാൽ, കഴിഞ്ഞ 25 വർഷത്തിനിടയിൽ വേമ്പനാട്ട് കായൽ മൂന്നിലൊന്നായി ചുരുങ്ങിയെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്രധാന കാരണം കായൽ കയ്യേറ്റം. വല്ലാർപാടത്ത് മാത്രമല്ല, പനമ്പ്കാട്ടിലും രാമൻതുരുത്തിലും ബോൾഗാട്ടിയിലും നിരവധി അനധികൃത തണ്ണീർത്തട നികത്തലുകൾ നടക്കുന്നുന്നതായി രേഖകൾ വ്യക്തമാക്കുന്നു. കണ്ടിട്ടും കാണാതെ നടിച്ചിരിക്കുകയാണ് വില്ലേജ് അധികാരികൾ.

വേമ്പനാട്ട് തണ്ണീർത്തടസംരക്ഷണം സംബന്ധിച്ച് നിയമസഭാ സമിതി നൽകിയ ശുപാർശകളും അട്ടിമറിക്കപ്പെടുകയാണ്. കായൽത്തീരത്ത് റവന്യൂ വകുപ്പ് അടിയന്തര റീസർവേ നടത്തി നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് ഡീമാർക്കറ്റ് ചെയ്യണമെന്നായിരുന്നു നിർദ്ദേശത്തിൽ പ്രധാനപ്പെട്ടത്. ജൈവവേലി നിർമ്മിക്കണമെന്ന ശുപാർശയ്ക്ക് പകരം ഉയർന്ന് വന്നത് മാലിന്യവേലി. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നിയമാനുസൃത നടപടി വേണമെന്ന ശുപാർശയും വെള്ളത്തിൽ വരച്ച വരയായി. അന്താരാഷ്ട്ര പ്രാധാന്യമുള്ള റാംസർ പട്ടികയിൽ ഉൾപ്പെട്ട വേമ്പനാട്ട് കായൽ. വേമ്പനാട്ട് കായലിന്‍റെ ഈ വല്ലാർപാടം തീരത്തെ കയ്യേറ്റം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ആർക്ക് വേണ്ടിയാണെന്നതാണ് ബാക്കിയാവുന്ന ചോദ്യം.

click me!