
ആലപ്പുഴ: ആലപ്പുഴയില്‍ ഒരു കാലത്ത് സജീവമായിരുന്ന ചെറുകിട നെല്ല് കുത്തുമില്ലുകള്‍ ഓര്‍മയാകുന്നു. അപ്പം, പുട്ട്, ഇടിയപ്പം, മുളക്, മല്ലി പൊടികള്‍ ഉള്‍പ്പെടെയുള്ളവ പായ്ക്കറ്റുകളില്‍ യഥേഷ്ടം ലഭിക്കാന്‍ തുടങ്ങിയതും ഇത് ജനങ്ങളില്‍ ഉപയോഗം കൂടിയതും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും പൊടിമില്ലുകള്‍ക്ക് മരണ മണി മുഴക്കാന്‍ ഇടയാക്കിയിരിക്കുകയാണ്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രാമങ്ങളിലെ മിക്ക സ്ഥലങ്ങളിലും കാതടിപ്പിക്കുന്ന ശബ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട നെല്ലുകുത്ത് മില്ലുകള്‍ സജീവമായിരുന്നു. ഗ്രാമീണ മേഖലകളില്‍ താമസിക്കുന്നവരില്‍ ഏറിയ പങ്കും നെല്ല് വീട്ടില്‍ പുഴുങ്ങി ഉണക്കി മില്ലുകളില്‍ എത്തിച്ച് കുത്തി അരിയാക്കി ഉപയോഗിച്ചിരുന്നു. കാര്‍ഷിക മേഖലയില്‍ വിവിധ ഏജന്‍സികള്‍ കൃഷി ഏറ്റെടുത്തതോടെ നെല്ല് പുഴുക്ക് വീടുകളില്‍ കാണാക്കാഴ്ചയായി മാറി. അക്കാലത്ത നെല്ല്കുത്ത് മില്ലുകളില്‍ നിന്ന് അരി വാങ്ങാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആവശ്യക്കാര്‍ എത്തുമായിരുന്നു.
ചെന്നിത്തല, തൃപ്പെരുന്തുറ, ഇരമത്തൂര്‍, മൂന്നാംവിള, അടുക്കള മുക്ക്, കാരാഴ്മ, ചെറുകോല്‍, മാന്നാര്‍, ബുധനൂര്‍, പാണ്ടനാട്, പുലിയൂര്‍ എന്നിവിടങ്ങളില്‍ നൂറിലധികം നെല്ല്കുത്തുമില്ലുകളാണ് ഉണ്ടായിരുന്നത്. ഈ കാലയളവില്‍ മില്ലുകള്‍ നിരവധി തൊഴിലാളികളുടെ ജീവിത മാര്‍ഗമായിരുന്നു. എന്നാല്‍ മില്ലുകളില്‍ താഴ് വീണതോടെ തൊഴിലാളികള്‍ക്ക് പണി നഷ്ടപ്പെട്ട് മറ്റ് മേഖലകളില്‍ ചേക്കേറി. വന്‍കിട സ്വകാര്യ കമ്പിനികള്‍ ആധുനിക മില്ലുകള്‍ സ്ഥാപിച്ച് സ്വന്തം ബ്രാന്‍റുകളില്‍ അരി വിപണിയില്‍ എത്തിക്കാന്‍ തുടങ്ങിയത് ചെറുകിടക്കാര്‍ക്ക് തിരിച്ചടിയായി.
നെല്‍പ്പാടങ്ങളില്‍ കൊയ്ത്തടക്കുമ്പോള്‍ വന്‍കിടമില്ലുകളുടെ ഏജന്‍റുമാര്‍ കര്‍ഷകര്‍ക്ക് മുന്‍കൂര്‍ തുക നല്‍കി കച്ചവടം ഉറപ്പിക്കുന്നു. ഇതോടെ ഈ മേഖലയെ ആശ്രയിച്ചിരുന്ന ചെറുകിട അരി കമ്പിനികള്‍ പലതും പൂട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിവില്‍ സപ്ലൈസ് അധികൃതര്‍ ചെറുകിട മില്ലുകളെ അരി ശേഖരിക്കുന്നതിന് ആശ്രയിച്ചിരുന്നു. നെല്ല് അരിയാക്കുമ്പോള്‍ ലഭിക്കുന്ന തവിട്, ഉമി, പൊടിയരി, എല്ലാത്തിനും ആവശ്യക്കാര്‍ ഏറെയായിരുന്നു.
അപ്പര്‍ക്കുട്ടനാടന്‍ മേഖലയിലെ പാവുക്കര, ഇരമത്തൂര്‍ എന്നീ പ്രദേശങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ നടത്തിയിരുന്ന നെല്ല് പുഴുക്ക് കേന്ദ്രം കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി രൂക്ഷമായതോടെ പ്രവര്‍ത്തനം നിലച്ചു. എന്നാല്‍ ചുരുക്കം ചില മില്ലുകള്‍ ഈ പ്രതിസന്ധികള്‍ മറി കടന്ന് ഇപ്പോഴും ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും കാണാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam