തെരഞ്ഞെടുപ്പിന് വേണ്ടി കണ്ടുപിടുത്തവുമായി മുഹമ്മയുടെ ശാസ്ത്രഞ്ജൻ ഋഷികേശ്

By Web TeamFirst Published Nov 20, 2020, 10:01 PM IST
Highlights

എ എം ആരിഫ് എം പി യുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിലിലായിരുന്നു ഗ്ലോബൽ സാറ്റലൈറ്റ് വോട്ടിങ് സിസ്റ്റം പ്രവർത്തിപ്പിച്ച് വിജയമാണെന്ന് ഋഷികേശ് കഴിഞ്ഞ ദിവസം ബോധ്യപ്പെടുത്തിയത്.

ആലപ്പുഴ: തെരഞ്ഞെടുപ്പിന് വേണ്ടി നൂതന കണ്ടുപിടുത്തവുമായി മുഹമ്മയുടെ ശാസ്ത്രജ്ഞൻ ഋഷികേശ്. പോളിങ് ബൂത്തിൽ എത്താതെ തന്നെ വിദേശത്ത് താമസിക്കുന്നവർക്കടക്കം എവിടെയിരുന്നും ഫോൺ ഉപയോഗിച്ച് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ കഴിയുന്ന ഉപകരണമാണ് ഋഷികേശ് നാടിന് സമർപ്പിച്ചത്. 

എ എം ആരിഫ് എം പി യുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിലിലായിരുന്നു ഗ്ലോബൽ സാറ്റലൈറ്റ് വോട്ടിങ് സിസ്റ്റം പ്രവർത്തിപ്പിച്ച് വിജയമാണെന്ന് ഋഷികേശ് കഴിഞ്ഞ ദിവസം ബോധ്യപ്പെടുത്തിയത്. നിലവിലെ വോട്ടിങ് മെഷീനിൽ വിരൽ അമർത്തുന്നതിനു പകരം മൊബൈൽ ഫോൺ ഉപയോഗിച്ച് വോട്ടിംഗ് മെഷീനിൽ അതേ സ്വിച്ച് അമർത്തുക എന്നുള്ളതാണ് ഇതിന്റെ പ്രവർത്തന രീതി. 

ക്വാറന്റീനിൽ ഉള്ളവർക്കും കോവിഡ് രോഗികൾക്കും നടക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കും സൗകര്യമനുസരിച്ചു എവിടെ നിന്നും വോട്ട്‌ ചെയ്യാം. ബൂത്തിൽ സജ്ജീകരിക്കുന്ന വോട്ടിങ്ങ് മെഷീനുമായി ബന്ധപ്പെടുത്തിയുള്ള ഫോണിലേയ്ക്കു ആണ് വോട്ടർ വിളിയ്ക്കേണ്ടത്. ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച വോട്ടർ ഐഡി ആയിട്ടുള്ള ഫോൺ നമ്പറിൽ നിന്നു മാത്രമേ വോട്ടു ചെയ്യാനായി വിളിക്കാനാകൂ. ഒരാൾവോട്ടു ചെയ്തു കഴിഞ്ഞാൽ പിന്നെ അതേ വോട്ട് ചെയ്യാൻ വിളിക്കാൻ കഴിയില്ല ഇതിനാൽ കള്ളവോട്ട് നടക്കില്ലെന്നാണ് അവകാശവാദം. 

വോട്ട് ചെയ്തത് ആർക്കാണെന്ന് വോട്ടർക്കല്ലാതെ മറ്റാർക്കും അറിയാൻ കഴിയുകയുമില്ല. വോട്ടർ ബൂത്തിലേക്കു വിളിച്ചു കഴിഞ്ഞാൽ പ്രിസൈഡിങ് ഓഫീസർ ഈ നമ്പർ പരിശോധിക്കും. ഐ ഡി, മറ്റു വിവരങ്ങളെല്ലാം ശരിയാണെങ്കിൽ പ്രിസൈഡിങ് ഓഫീസർ ' അലോ" ബട്ടൻ ഓൺ ചെയ്തിട്ടു വോട്ട് ചെയ്യാൻ ആവശ്യപ്പെടും.വോട്ടറുടെ ഫോണിൽ ഒന്നു മുതൽ ഒമ്പതു വരെയുള്ള അക്കങ്ങളിൽ ഏതെങ്കിലും ഒന്നിൽ അമർത്തിയാൽ ഉടൻ തന്നെ വോട്ടിങ് മെഷീനിൽ വോട്ടിങ് നടക്കും.

വോട്ടിങിന് അനുമതി കിട്ടിക്കഴിഞ്ഞാൽ വോട്ടർക്കു ഏതെങ്കിലും ഒരു സ്ഥാനാർഥിക്ക് ഒറ്റത്തവണ മാത്രമേ വോട്ട്‌ ചെയ്യാൻ കഴിയുകയുള്ളൂ. അതായത്, മൊബൈൽ ഫോണിലെ ഒന്നു മുതൽ ഒമ്പതു വരെയുള്ള അക്കങ്ങളിൽ ഏതെങ്കിലും ഒരക്കം മാത്രമേ പോളിംഗ് ബൂത്തിൽ സ്‌ഥാപിയ്ക്കുന്ന ഹാർഡ്‌വെയർ യൂണിറ്റ് സ്വീകരിയ്ക്കുകയുള്ളൂ. അതും ഒരുതവണ മാത്രം. 

അതുകൊണ്ടുതന്നെ ഒന്നിലധികം സ്ഥാനാർഥികൾക്കു വോട്ടു ചെയ്യുവാനോ ഒരു സ്ഥാനാർഥിക്കു തന്നെ ഒന്നിലധികം വോട്ടുകൾ ചെയ്യുവാനോ സാധിക്കില്ല. വോട്ടിങ് വിജയകരമാകുമ്പോൾ 'ബീപ്' സൗണ്ട് ബൂത്തിലെ മെഷീനിൽ നിന്ന് ഉണ്ടാകും. ഒരു തവണ വോട്ട്‌ ചെയ്തയാൾ പിന്നീട് ഫോൺ ചെയ്താൽ കള്ള വോട്ടിനു ശ്രമിച്ചു എന്നുള്ളതിന് 'ഡിജിറ്റൽ തെളിവ്' ആകും.

പ്രിസൈഡിങ് ഓഫിസർ നമ്പർ പരിശോധനയ്ക്ക് ശേഷം 'അലൗ' സ്വിച്ച് ഓൺ ചെയ്തെങ്കിൽ മാത്രമേ വോട്ടിംഗ് നടക്കുകയുള്ളൂ എന്നതിനാൽ, കള്ളവോട്ടിനുള്ള ശ്രമം നടക്കുകയല്ലാതെ വോട്ടിംഗ് നടക്കുകയില്ല. ഏത് സാധാരണ ഫോണിൽ നിന്നും വോട്ട്‌ ചെയ്യുവാൻ സാധിയ്ക്കുമെന്നതിനാൽ വിലയേറിയ സ്മാർട് ഫോണുകളുടെ ആവശ്യം വരുന്നില്ല.

വിദേശത്തു താമസിയ്ക്കുന്നവർക്കും ഇലക്ഷൻ കമ്മീഷൻ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും വോട്ടു ചെയ്യുവാൻ കഴിയുന്നതാണ്. ഭാവിയിൽ സ്ഥാനാർഥികൾ ആരെങ്കിലും ആരോപണങ്ങൾ ഉന്നയിച്ചാൽ പോളിംഗ് ബൂത്തിൽ വോട്ടിംഗ് ദിവസം വന്ന ഫോൺ കോളുകളുടെ 'ഡീറ്റൈൽസ്' ലിസ്റ്റ് എടുക്കുവാനും സാധിയ്ക്കും. ആർക്ക് വോട്ടു ചെയ്തു എന്നുള്ളത് അറിയാൻ കഴിയുകയുമില്ല. ഒരേ നമ്പറിൽ നിന്നും ഒന്നിലധികം തവണ വോട്ടിങിന് പ്രിസൈഡിങ് ഓഫീസർ അലൗ' ചെയ്താൽ കാൾ ലിസ്റ്റ് എടുക്കുമ്പോൾ പിടിയ്ക്കപ്പെടും എന്നതിനാൽ പഴുതടച്ചുള്ള സാങ്കേതിക വിദ്യയാണ് ഇതിൽ ചെയ്തിരിയ്ക്കുന്നതെന്ന് ഋഷികേശ് അവകാശപ്പെടുന്നു.

ഋഷികേശിന്റെ കണ്ടുപിടിത്തം ഉടനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും വിവിധ മന്ത്രാലയങ്ങളെയും അറിയിക്കുമെന്ന് എ എം ആരിഫ് എം പി പറഞ്ഞു. മന്ത്രി ടി എം തോമസ് ഐസക് നേരത്തെ ഋഷികേശിനെ ഫേസ്ബുക്കിലൂടെ ലോകത്തിനു പരിചയപ്പെടുത്തുകയും സർക്കാർ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തിരുന്നു. അക്കാദമിക ബിരുദങ്ങളൊന്നും ഇല്ലാത്ത 45 കാരനായ ഋഷികേശ് വിവിധ പുസ്തകങ്ങളിൽ നിന്നുള്ള അറിവുകൾ പ്രയോജനപ്പെടുത്തിയാണ് കണ്ടുപിടിത്തങ്ങൾ നടത്തുന്നത്. 

മുഹമ്മ ചിറയിൽ പരേതരായ സുകുമാരന്റെയും രത്നമ്മയുടെയും മകനായ ഋഷികേശിന് ഗ്രാമീണ കണ്ടുപിടിത്തങ്ങൾക്ക് രാഷ്ട്രപതിയുടെ അവാർഡ് 2015ൽ ലഭിച്ചിരുന്നു. പോസ്റ്റിൽ കയറാതെ തന്നെ ലൈനിൽ വൈദ്യുതിയുണ്ടോയെന്ന് കണ്ടുപിടിക്കുന്ന വയർലെസ് ഹൈവോൾട്ടേജ് സെൻസിങ് ഡിവൈസ് എന്ന ഉപകരണം വികസിപ്പിച്ചെടുത്തതിനായിരുന്നു അവാർഡ്. നെഹ്റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിങ് പിഴവില്ലാതെ നടത്തുന്നതിനുള്ള സംവിധാനം 2018ൽ ഒരുക്കിയതും ഋഷികേശായിരുന്നു.

click me!