മൂന്നാര്‍: മൂന്നാറില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വാര്‍ത്തമാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അറിപ്പുകള്‍ നല്‍കി ആരോഗ്യവകുപ്പ്. സ്രവം എടുത്തശേഷവും ആശുപത്രി ഡ്യൂട്ടിക്കെത്തിയ ഡോക്ടര്‍ക്കെതിരെ എപ്പിഡെമിക് ആക്റ്റ് പ്രകാരം മൂന്നാര്‍ പൊലീസ് കേസെടുത്തു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പ്രേംകുമാറും ജില്ലാ കളക്ടറും മൂന്നാറിലെത്തി.
കഴിഞ്ഞ ദിവസം ഹൈറേഞ്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടറിന് പിന്നാലെ മൂന്ന് ആശുപത്രി ജീവനക്കാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാറില്‍ ആശങ്കയേറുകയാണ്. ഡോക്ടര്‍, നേഴ്സ്, കാഷ്യര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം കൊണ്ട് നാലു ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി അടച്ചുപൂട്ടി. ആശുപത്രിയുള്ളവരെ എസ്റ്റേറ്റുകളിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷയെ കരുതി ആശുപത്രിയിലുണ്ടായിരുന്ന അഞ്ചു ഗര്‍ഭിണികളെ നല്ലതണ്ണിയിലെ എസ്റ്റേറ്റ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്തെ വെളിയാഞ്ചിറയിലെ ഒരു കല്യാണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഡോക്ടറിനാണ് കഴിഞ്ഞ ദിവസം കൊവിഡ് കണ്ടെത്തിയത്. ഇതേ ഡോക്ടറില്‍ നിന്നു തന്നെയാണ് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൂടുതല്‍ ആശുപത്രി ജീവനക്കാര്‍ക്ക് രോഗം പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തില്‍ തുടരുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം രോഗം കണ്ടെത്തിയ ഡോക്ടറിന്റെ പ്രൈമറി കോണ്‍ടാക്റ്റുകളുടെ ലിസ്റ്റ് തയ്യാറാക്കാനായെങ്കിലും സെക്കണ്ടറി കോണ്‍ടാക്റ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് ശ്രമകരമായതോടെ വാര്‍ത്താ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അറിയിപ്പുകള്‍ നല്‍കി ആരോഗ്യവകുപ്പ്.
ഇതിനായി പ്രത്യേക സെല്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ചികിത്സ തേടിയോ അല്ലാതെയോ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രി സന്ദര്‍ശിച്ചുള്ളവര്‍ വീട്ടില്‍ തന്നെയാണ് തുടരേണ്ടത്. ഇവര്‍ മറ്റുവള്ളവരുമായി യാതൊരുവിധ സമ്പര്‍ക്കത്തിനും ശ്രമിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്നാറില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍വച്ച് നിലവിലുള്ള സ്ഥിതിഗതികളെക്കുറിച്ച് വിലയിരുത്തുവാന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ക്കു പുറമേ സ്പെഷ്യല്‍ ഓഫീസര്‍ പ്രേം കുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, തഹസില്‍ദാര്‍ ജിജി എം കുന്നപ്പള്ളി, പഞ്ചായത്ത് സെക്രട്ടറി ആര്‍. അജിത്ത്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ശിവാനന്ദന്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഷാരോന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടറും സംഘവും യോഗത്തിനു ശേഷം മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ തയ്യാറാക്കുന്ന ഐസൊലേഷന്‍ വാര്‍ഡ് സന്ദര്‍ശിച്ചു.
തിരുവനന്തപുരം യാത്ര, ശേഷം നിരീക്ഷണമില്ല; മൂന്നാറില്‍ കൊവിഡ് ആശങ്ക പടര്‍ത്തി ഡോക്‌ടര്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam