പ്രളയക്കെടുതിയില്‍ വലഞ്ഞ പാളക്കൊല്ലി കോളനിവാസികള്‍ക്ക് സ്വപ്‌നഭവനം നല്‍കി സര്‍ക്കാര്‍

By Web TeamFirst Published Aug 27, 2020, 5:20 PM IST
Highlights

ഭൂമി വാങ്ങുന്നതിന് 1.44 കോടി രൂപ ചെലവഴിച്ചു. 485 സ്‌ക്വയര്‍ഫീറ്റില്‍ ഒതുങ്ങിയ വൃത്തിയും ഉറപ്പുമുള്ള വീടുകളാണ് നിര്‍മിച്ചിരിക്കുന്നത്.
 

കല്‍പ്പറ്റ: പ്രളയക്കെടുതി മൂലം വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിക്കാര്‍ക്ക് വേണ്ടി പട്ടികവര്‍ഗ വകുപ്പ് മരകാവില്‍ നിര്‍മിച്ച വീടുകളുടെ കൈമാറ്റം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. വില കൊടുത്ത് വാങ്ങിച്ച 4.75 ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മ്മിച്ചത്. 54 വീടുകളില്‍ 26 എണ്ണത്തിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. ഒരു വീടിന് 6 ലക്ഷം രൂപ ചെലവില്‍ 3.24 കോടി രൂപയുടെ ഭവനസമുച്ചയമാണ് ഒരുങ്ങിയിട്ടുള്ളത്. 

ഭൂമി വാങ്ങുന്നതിന് 1.44 കോടി രൂപ ചെലവഴിച്ചു. 485 സ്‌ക്വയര്‍ഫീറ്റില്‍ ഒതുങ്ങിയ വൃത്തിയും ഉറപ്പുമുള്ള വീടുകളാണ് നിര്‍മിച്ചിരിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പ്രവൃത്തികള്‍ ഏറ്റെടുത്ത് സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചത്. സ്ഥലത്തെ റോഡ് നിര്‍മ്മാണവും ചെരിഞ്ഞ സ്ഥലമായതിനാല്‍ വീടുകളുടെ തറകള്‍ നിരപ്പാക്കിയതും പ്രത്യേക ഫണ്ട് വകയിരുത്താതെയാണ്. രണ്ട് കിടപ്പ് മുറികളും വിശാലമായ ഹാളും അടുക്കളയും ടോയ്‌ലറ്റും ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ നിലം ഉയര്‍ന്ന നിലവാരമുള്ള വിട്രിഫൈഡ് ടൈലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. 

കൂടാതെ വൈദ്യുതീകരണം, പ്ലംബിംഗ്, പെയിന്റിംഗ്, ജനല്‍വാതിലുകളുടെ വര്‍ക്കുകള്‍ തുടങ്ങിയ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. ഗുണഭോക്താള്‍ക്ക് വീട് അടക്കം 10 സെന്റ് വീതം ഭൂമിയും നല്‍കി. മോഡല്‍ വില്ലേജ് എന്ന മാതൃകയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്റ്റ് ഡയറക്ടര്‍ ഒ കെ സജിത്ത് പറഞ്ഞു. ഇവിടെയുള്ള 54 കുടുംബങ്ങള്‍ക്ക് കുടിവെള്ള പദ്ധതിക്കായി 37 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയിട്ടുണ്ട്.

click me!