
ഹരിപ്പാട്: ആറാട്ടുപുഴയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഏഴ്, എട്ട് വാർഡുകൾ ഉൾപ്പെടുന്ന വലിയഴിക്കൽ, തറയിൽ കടവ് ഭാഗത്തെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്തിന്റെ പതിനാലാം നമ്പർ റോഡും വലിയഴിക്കലിൽ തീരദേശ റോഡും നാട്ടുകാർ ഉപരോധിച്ചത്.
ഈ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് മാസമായി ശുദ്ധജലക്ഷാമം രൂക്ഷമാണ്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന ജനങ്ങൾ ഇതുമൂലം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ടാങ്കറിൽ ശുദ്ധജലം ഇടയ്ക്കിടെ വിതരണം ചെയ്യുന്നുണ്ടെങ്കിലും അപര്യാപ്തമാണ്. അധികം ആളുകൾക്കും കുടിവെള്ളം കിട്ടാറില്ല. ഈ ഭാഗങ്ങളിലെ കിണറുകൾ ഉപയോഗശൂന്യമായതാണ് കാരണം. പ്രശ്നം പരിഹരിക്കുന്നതിൽ ജലാതോറിറ്റി ഗുരുതര അനാസ്ഥയാണ് കാട്ടുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ശുദ്ധജലം എത്തിക്കുന്ന വാഹനം തടഞ്ഞ ശേഷമാണ് സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ പതിനാലാം നമ്പർ റോഡ് ഉപരോധിച്ചത്. രണ്ടു മണിക്കൂർ സമരം നടത്തിയിട്ടും അധികാരികൾ സ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് തീരദേശ റോഡ് ഉപരോധിക്കുകയായിരുന്നു. തൃക്കുന്നപ്പുഴ പോലീസ് എത്തി സമരക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ടു മാസമായി വലിയഴിക്കൽ, തറയിൽ കടവ് ഭാഗത്ത് ശുദ്ധജലക്ഷാമം അനുഭവപ്പെടുകയാണെന്നും ഈ ഭാഗങ്ങളിലെ കുഴൽ കിണറുകൾ പ്രവർത്തനരഹിതമാണെന്നും നാട്ടുകാർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam