
തിരുവനന്തപുരം: തലസ്ഥാനത്തെ ലഹരിമരുന്ന് റാക്കറ്റിന്‍റെ ഇരകളും വാഹകരും ഏറെയും വിദ്യാർത്ഥികളാണ്. ഒരു രസത്തിന് തുടങ്ങിയാൽപ്പിന്നെ രക്ഷപ്പെടുക എളുപ്പമല്ലെന്ന് പ്ലസ് ടു പഠനകാലത്ത് ലഹരിമരുന്ന് ഉപയോഗിച്ച് അടുത്തിടെ ചികിത്സ കഴിഞ്ഞ വിദ്യാർത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്കൂളിലെ വാർഷികാഘോഷത്തിന് കഞ്ചാവ് വലിച്ചുതുടങ്ങിയതാണ്. പിന്നെ ഓട്ടം ലഹരിക്ക് പിന്നാലെയായി. പഠനം മുടങ്ങി, ജീവിതം അനിശ്ചിതത്വത്തിലുമായി. പൊലീസിന്‍റെ സഹായത്തോടെ മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ് ജീവിതത്തിലേക്ക് മടങ്ങിവരുന്നതെന്ന് ലഹരിക്കടിമയായിരുന്ന കുട്ടി പറയുന്നു. അമിത ലഹരിയിൽ അതിവേഗം ബൈക്കോടിച്ച് അപകടമുണ്ടായതിന്‍റെ മുറിപ്പാടുകൾ ഇപ്പോഴും അവന്‍റെ കൈകളിലുണ്ട്.
സ്റ്റഫ്, ജോയിന്‍റ്, സാധനം എന്നിങ്ങനെ വിവിധ കോഡുകളിൽ അറിയപ്പെടുന്ന കഞ്ചാവും മറ്റ് ലഹരിമരുന്നുകളും ആവശ്യക്കാർക്ക് നിമിഷങ്ങള്‍ക്കകം എത്തിക്കാൻ ഏജന്‍റുമാരുണ്ട്. ലഹരി വീണ്ടും കിട്ടണമെന്നുള്ളതിനാൽ ഉപയോഗിക്കുന്നവർ വിതരണക്കാരെ ഒറ്റിക്കൊടുക്കില്ല. ഇടപാടുകാരിൽ കൊലക്കേസ് പ്രതികളടക്കമുള്ളവരുമുണ്ട്.
ആവശ്യക്കാരേറുന്നതനുസരിച്ച് അതിർത്തി വഴി ലഹരിയൊഴുകുകയാണ്. വല്ലപ്പോഴും ചില്ലറ വില്പനക്കാരെ പിടിച്ചത് കൊണ്ട് കാര്യമില്ല. അയൽ സംസ്ഥാനങ്ങളിലടക്കം വലവിരിച്ച യഥാർത്ഥ റാക്കറ്റാണ് തകർക്കേണ്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam