
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ കാറുകളില്‍ ഇടിച്ച് നിര്‍ത്താതെപോയ ലോറി പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാരും പൊലീസും. മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബുധനാഴ്ച വൈകീട്ട് ചുരത്തില്‍ ഏഴാംവളവിനും ആറാംവളവിനുമിടയിലായിരുന്നു സംഭവം. ഡ്രൈവര്‍ നരിക്കുനി സ്വദേശി സതീശിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റുചെയ്തത്. വയനാട്ടില്‍ നിന്ന് കുടുംബവുമായി മലപ്പുറം മഞ്ചേരിയിലേക്ക് മടങ്ങുകയായിരുന്ന രണ്ട് കാറുകളിലാണ് താമരശ്ശേരി ഭാഗത്തുനിന്ന് എത്തിയ ലോറിയിടിച്ചത്.
ഒരു കാറിന് കാര്യമായ കേടുപറ്റിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിര്‍ത്താതെപോയ ലോറിയെ മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ പിന്തുടര്‍ന്നു. ഇതിനൊപ്പം തന്നെ നാട്ടുകാര്‍ വൈത്തിരി പൊലീസിലേക്ക് വിവരം കൈമാറിയിരുന്നു. വിവരമറിഞ്ഞ് വൈത്തിരിക്കടുത്ത് ചേലോട് വെച്ച് ലോറിയെ തടയുകയായിരുന്നുവെന്ന് വൈത്തിരി പൊലീസ് പറഞ്ഞു. അതേ സമയം അപകടമുണ്ടാക്കിയെന്ന കേസ് താമരശ്ശേരി പൊലീസ് ആയിരിക്കും കൈകാര്യം ചെയ്യുക.
ചുരം താമരശ്ശേരി പൊലീസിന്റെ പരിധിയിലാണ്. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചെന്നുള്ള കേസിന്റെ നടപടിക്രമങ്ങള്‍ വൈത്തിരി പൊലീസായിരിക്കും ചെയ്യുക. നിരന്തരം ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന ചുരത്തിലൂടെ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
അതിനിടെ രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ കാര്‍ ഉടമയുടെ പരാക്രമം. ഇടക്കിടയ്ക്കും ബ്രേക്കിട്ട് അഭ്യാസം കാണിച്ചുമാണ് കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചത്. കിലോമീറ്ററുകളോളം കാറിന് ആംബുലൻസിന് വഴി മാറി നൽകിയില്ല. കോഴിക്കോട് കക്കോടി ബൈപ്പാസ് ഭാഗത്താണ് കാര്‍ തടസം സൃഷ്ടിച്ചത്. രോഗിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ പൊലീസിലും നന്മണ്ട ആര്‍ടിഒയ്ക്കും പരാതി നല്‍കിയിരുന്നു. സംഭവത്തിൽ വാഹന ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
Read More : കൊച്ചിയിൽ അനാശാസ്യ കേന്ദ്രം; നടത്തിപ്പ് അതിഥി തൊഴിലാളികള്‍, അസം സ്വദേശിനികളെ രക്ഷപ്പെടുത്തി, അറസ്റ്റ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam