മരണത്തിനു കീഴടങ്ങിയ മനുഷ്യനെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ പോരാട്ടമല്ല, ആഘോഷിക്കുന്നവരെ തള്ളിക്കളയണം; ഡിവൈഎഫ്ഐ നേതാവ് എകെ ഷാനിബ്

Published : Sep 13, 2026, 09:36 AM IST
AK Shanib

Synopsis

ഇടതുപക്ഷം എന്നത് പ്രതികാരത്തിന്റെ രാഷ്ട്രീയമല്ല. മനുഷ്യസ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ, ഏത് രാഷ്ട്രീയ ക്യാമ്പിൽ നിന്നായാലും മരണത്തെ ആഘോഷിക്കുന്നതും മരിച്ചവരെ അപമാനിക്കുന്നതും നാം തള്ളിക്കളയണം- ഷാനിബ് ഫേസ്ബുക്കിൽ കുറിച്ചു.

കോഴിക്കോട്: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എകെ ഷാനിബ്. മരണത്തിനു കീഴടങ്ങിയ മനുഷ്യനെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ പോരാട്ടമല്ല, അത് നമ്മുടെ തന്നെ രാഷ്ട്രീയബോധത്തിന്റെ പരാജയമാണെന്ന് താൻ കരുതുന്നുവെന്ന് ഷാനിബ് പറഞ്ഞു. എത്ര വലിയ എതിർപ്പോ അഭിപ്രായവ്യത്യാസമോ ഉണ്ടായാലും ഒരു മനുഷ്യന്റെ മരണത്തെ ആഘോഷിക്കുകയോ മരണവാർത്തയെ അപമാനിക്കുകയോ ചെയ്യുന്നത് ഇടതുപക്ഷ രാഷ്ട്രീയം പഠിപ്പിച്ച മൂല്യമല്ല എന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നതെന്നും ഷാനിബ് ഫേസ്ബുക്കിൽ കുറിച്ചു.

ഒരു മാധ്യമ പ്രവർത്തകൻ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ കൂട്ടമായി അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതും കണ്ടു. അതിൽ കൂടുതലും ഇടതുപക്ഷ പ്രൊഫൈലുകളാണ് എന്നത് എന്നെ വേദനിപ്പിക്കുന്നു. എനിക്ക് വ്യക്തിപരമായി യാതൊരു പരിചയവും അദ്ദേഹവുമായി ഇല്ല. മനുഷ്യന്റെ അന്തസ്സും ജീവന്റെ വിലയും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷം. അതുകൊണ്ടുതന്നെ, ജീവിച്ചിരിക്കുമ്പോൾ ശക്തമായ വിമർശനം നടത്തിയവരോടുപോലും മരണശേഷം മാന്യത പുലർത്തുക എന്നത് ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. ഒരു മാധ്യമ പ്രവർത്തകന്റെ നിലപാടുകളോട് യോജിക്കാതിരിക്കാം. അദ്ദേഹത്തിന്റെ റിപ്പോർട്ടുകളെയും അഭിപ്രായങ്ങളെയും ശക്തമായി എതിർക്കാം. മരണത്തിനു കീഴടങ്ങിയ മനുഷ്യനെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ പോരാട്ടമല്ല; അത് നമ്മുടെ തന്നെ രാഷ്ട്രീയബോധത്തിന്റെ പരാജയമാണ് എന്ന് ഞാൻ കരുതുന്നു.

എന്റെ മനസ്സിലാക്കലിൽ ഇടതുപക്ഷം എന്നത് പ്രതികാരത്തിന്റെ രാഷ്ട്രീയമല്ല. മനുഷ്യസ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ, ഏത് രാഷ്ട്രീയ ക്യാമ്പിൽ നിന്നായാലും മരണത്തെ ആഘോഷിക്കുന്നതും മരിച്ചവരെ അപമാനിക്കുന്നതും നാം തള്ളിക്കളയണം. നമ്മൾ എതിർക്കേണ്ടത് ആശയങ്ങളെയും നിലപാടുകളെയുമാണ്യ മരിച്ച മനുഷ്യരെയല്ല. മരണത്തിന് മുന്നിൽ മനുഷ്യർ മാത്രമാണ്. ആ മനുഷ്യന്റെ മൃതദേഹത്തോട് ആദരവ് കാണിക്കാൻ ഉള്ള സംസ്കാരം നഷ്ടപ്പെട്ടാൽ, നമ്മൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങൾക്കും അർത്ഥമില്ലാതെയാകും- എകെ ഷാനിബ് പറയുന്നു.

അതേസമയം ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിൽ കോട്ടയം സൈബർ ക്രൈം പൊലീസ് കേസെടുത്തു. മലയാള മനോരമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. മലയാള മനോരമയുടെ കോട്ടയം ഓഫിസിലേക്ക് ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. പരസ്യമായ അധിക്ഷേപ പ്രചാരണം, മനഃപൂർവമായ അപകീർത്തിപ്പെടുത്തൽ, തുടർച്ചയായി അസഭ്യ സന്ദേശങ്ങൾ അയയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശ്ശൂരിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
അർധരാത്രി അപകടം: ഇടിച്ച വാഹനം നിർത്തിയില്ല, രക്തം വാർന്ന് റോഡിൽ കിടന്നത് അര മണിക്കൂർ; യുവാവിന് ദാരുണാന്ത്യം